
ചില സിനിമകൾ അങ്ങനെയാണ്, പ്രമോഷൻ സമയത്തൊന്നും വേണ്ടത്ര ഹൈപ്പ് ലഭിക്കാറില്ല. ഒപ്പം മുൻവിധികളും നടക്കും. എന്നാൽ ആ സിനിമകൾ തിയറ്റിൽ എത്തുമ്പോൾ വൻ സ്വീകാര്യതയും കളക്ഷനും നേടാറുണ്ട്. അത്തരത്തിലൊരു സിനിമയാണ് രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ. റിലീസിന് മുൻപ് നായകൻ-നായിക പ്രായത്തെ വച്ചും ഇത് ബോളിവുഡിന്റെ അടുത്ത 'ദുരന്തം' എന്ന് പറഞ്ഞും നിരവധി കമന്റുകൾ ഹിന്ദി സിനിമാ പ്രേമികൾക്കിടയിൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അവയെ എല്ലാം മാറ്റി മറിച്ച് ഗംഭീര പ്രതികരണം നേടുകയാണ് ധുരന്ദർ.
ഡിസംബർ 5ന് ആയിരുന്നു ധുരന്ദർ റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബോളിവുഡിന്റെ അടുത്ത 1000 കോടി പടമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തിൽ ധുരന്ദർ നേടിയ കളക്ഷൻ പുറത്തുവരികയാണ്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 674.5 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്.
437.25 കോടിയാണ് ധുരന്ദറിന്റെ ഇന്ത്യ നെറ്റ്. ഇന്ത്യ ഗ്രോസ് 524.5 കോടിയും ഓവർസീസ്‍ 150 കോടിയുമാണ്. പതിനാലാം ദിവസമായ ഇന്നലെ ചിത്രം 23 കോടി രൂപ നേടിയെന്നാണ് പ്രാഥമിക കണക്കുകൾ. അങ്ങനെയെങ്കിൽ റിലീസ് ചെയ്ത് രണ്ടാഴ്ചയിൽ 700 കോടി രൂപ ധുരന്ദർ നേടി. വരും ദിവസങ്ങളിൽ വലിയ പുതിയ റിലീസുകളൊന്നും തന്നെയില്ല. അങ്ങനെ എങ്കിൽ 1000 കോടി ചിത്രം നേടുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഷാരൂഖ് ഖാനും ആമിർ ഖാനും ശേഷം 1000 കോടി തൊടുന്ന താരമെന്ന ഖ്യാതിയും രൺവീറിന് സ്വന്തമാകും.
140 കോടിയാണ് ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച പടത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ട്. അതേസമയം, ധുരന്ദർ 2വും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം 2026 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. സ്പൈ ആക്ഷൻ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.