
റീമേക്ക്‍വുഡ് എന്ന് ബോളിവുഡിന് ഒരു ഇരട്ടപ്പേര് ഉണ്ട്. മറുഭാഷകളിലെ വിജയചിത്രങ്ങളുടെ റീമേക്കുകള്‍ എണ്ണത്തില്‍ അധികം വന്നതോടെയാണ് ഹിന്ദി സിനിമാലോകത്തെ വിമര്‍ശകര്‍ ഈ പേരില്‍ പരിഹസിച്ചത്. അതേസമയം സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പുറത്ത് പല ശ്രദ്ധേയ ശ്രമങ്ങളും ബോളിവുഡില്‍ ഉണ്ടാവുന്നുമുണ്ട്, അങ്ങനെ സാമ്പത്തിക വിജയങ്ങളും. സമീപകാലത്ത് തളര്‍ച്ച നേരിട്ടിരുന്നെങ്കിലും അതിനെയൊക്കെ മറികടന്ന് ബോളിവുഡ് വീണ്ടും ഇന്ത്യന്‍ സിനിമയുടെ മുന്‍നിരയിലേക്ക് എത്തിയിട്ടുണ്ട്. 2025 ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 39 ശതമാനവുമായി മറ്റ് ഭാഷകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ബോളിവുഡ്. ഇപ്പോഴിതാ ബോളിവുഡിലെ ജനപ്രിയ ചിത്രങ്ങളുടെ നിരയിലേക്ക് ഒരു പുതിയ ചിത്രം കൂടി എത്തിയിരിക്കുകയാണ്.
നവാഗതരായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത സൈയാര എന്ന ചിത്രമാണ് അത്. റൊമാന്‍റിക് മ്യൂസിക്കല്‍ ഗണത്തില്‍ പെടുന്ന ചിത്രം 18-ാം തീയതി ആണ് തിയറ്ററുകളില്‍ എത്തിയത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ അടക്കം ബോളിവുഡിലെ എക്കാലത്തെയും വലിയ കള്‍ട്ട് പ്രണയചിത്രങ്ങളില്‍ പലതും നിര്‍മ്മിച്ച യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പുതിയ രീതിയിലുള്ള പ്രൊമോഷണല്‍ പരിപാടികളോ താരങ്ങളുടെ അഭിമുഖങ്ങളോ ഒന്നുമില്ലാതെ പുറത്തെത്തിയ ഈ പുതുമുഖ ചിത്രം ആദ്യ ദിനം തന്നെ വന്‍ പ്രതികരണമാണ് നേടിയത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കൊപ്പം ഓപണിംഗില്‍ ചില റെക്കോര്‍ഡുകളും ചിത്രം നേടി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണ് സൈയാര നേടിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ആദ്യ ദിനം 21 കോടി. തുടര്‍ദിനങ്ങളിലും കളക്ഷന്‍ വച്ചടി കയറിയതോടെ നാലാം ദിനം ഹിറ്റ് ആവുന്ന സ്ഥിതിയാണ് ചിത്രം.
ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 60 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ബ്രേക്ക് ഈവന്‍ ആയി ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ 90 കോടി നേടണമെന്നാണ് അവരുടെ റിപ്പോര്‍ട്ട്. 120- 130 കോടി നേടിയാല്‍ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാറ്റസില്‍ എത്തുമെന്നും. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷന്‍ 83 കോടി വരും. അതായത് ഇന്നത്തെ ദിവസത്തെ കളക്ഷന്‍ കൂടി ചേര്‍ത്താല്‍ ചിത്രം ഹിറ്റ് സ്റ്റാറ്റസില്‍ എത്തും. ജെന്‍ സി എന്ന് വിളിക്കപ്പെടുന്ന ഏറ്റവും പുതിയ തലമുറയെ തിയറ്ററുകളിലേക്ക് എത്തിച്ചു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. തിയറ്ററുകളില്‍ നിന്നുള്ള ആവേശ കാഴ്ചകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി എത്തുന്നുണ്ട്. വന്‍ ട്രെന്‍ഡ് ആയിരിക്കുന്നതിനാല്‍ ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ എത്രത്തോളമെത്തുമെന്ന് പ്രവചിക്കാന്‍ ആവില്ലെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.