'രം​ഗണ്ണന്‍' ഔട്ട്! 'മൈക്കിള്‍', 'ജോസ്', 'സ്റ്റാന്‍ലി' പിന്നില്‍; ആ ലിസ്റ്റിലേക്ക് ഗ്രാന്‍ഡ് എന്‍ട്രിയുമായി നിവിന്‍

Published : Dec 30, 2025, 04:43 PM IST
sarvam maya secures 6th spot in Top 10 Global Opening Weekend collections nivin

Synopsis

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഈ ക്രിസ്മസ് റിലീസ്, ആഗോള ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്

മലയാള സിനിമയില്‍ വലിയ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ഉള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. കരിയറിലെ ആദ്യ ചിത്രങ്ങളിലൂടെത്തന്നെ നിവിന്‍ അത് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അത്തരം വിജയങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നില്ല. അഭിനയപ്രാധാന്യമുള്ളതും വ്യത്യസ്തവുമായ ചിത്രങ്ങളാണ് അദ്ദേഹം ഏതാനും വര്‍ഷങ്ങളായി അഭിനയിച്ചത്. എന്നാല്‍ അവയൊന്നും ബോക്സ് ഓഫീസില്‍ വിജയമായില്ല. എന്നാല്‍ ആ കുറവെല്ലാം നികത്തുകയാണ് നിവിന്‍ പോളി നായകനായ ഏറ്റവും പുതിയ ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായയാണ് ആ ചിത്രം. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വിപ്ലവം തീര്‍ക്കുകയാണ്.

നിവിന്‍ നായകനാവുന്ന ഒരു എന്‍റര്‍ടെയ്നര്‍ ചിത്രത്തിന് പ്രേക്ഷകരുടെ കാത്തിരിപ്പ് എന്തായിരുന്നെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്‍റെ കളക്ഷന്‍ കുതിപ്പ്. നിവിനും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ഈ ചിത്രം ഒരു പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തിയതോടെ ചിത്രം ലോകമെങ്ങും റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളില്‍ തിയറ്ററുകളിലേക്ക് കാര്യമായി ജനത്തെ എത്തിച്ചുതുടങ്ങി. അത് ഇപ്പോഴും തുടരുകയുമാണ്. ഒരു സുപ്രധാന ബോക്സ് ഓഫീസ് ലിസ്റ്റിലേക്ക് വന്‍ എന്‍ട്രി നടത്തിയിട്ടുമുണ്ട് നിവിന്‍ പോളി.

റിലീസ് വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന 10 മലയാള ചിത്രങ്ങളുടെ ലിസ്റ്റിലേക്കാണ് ആ എന്‍ട്രി. ലിസ്റ്റില്‍ വെറും എന്‍ട്രിയല്ല, മറിച്ച് ആറാം സ്ഥാനത്താണ് സര്‍വ്വം മായ എത്തിയത്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം, ടര്‍ബോ, കലങ്കാവല്‍, പൃഥ്വിരാജിന്‍റെ ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളെയെല്ലാം ലിസ്റ്റില്‍ പിന്നിലാക്കിയിട്ടുണ്ട് സര്‍വ്വം മായ. പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന ഫഹദ് ഫാസിലിന്‍റെ ആവേശം പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്തു. 175.60 കോടിയെന്ന വമ്പന്‍ നേട്ടവുമായി എമ്പുരാന്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന ലിസ്റ്റ് ആണ് ഇത്.

മോഹന്‍ലാലിന്‍റെ തന്നെ തുടരും ആണ് രണ്ടാം സ്ഥാനത്ത്. 69.25 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് വീക്കെന്‍ഡ്. കല്യാണി പ്രിയദര്‍ശന്റെ ലോകയാണ് മൂന്നാമത്. 66.30 കോടിയാണ് ലോകയുടെ ആഗോള ഓപണിംഗ് വാരാന്ത്യം. 64.14 കോടി നേടിയ ആടുജീവിതവും 55.60 കോടിയുമായ ലൂസിഫറുമാണ് ലിസ്റ്റില്‍ 4, 5 സ്ഥാനങ്ങളില്‍. 45.24 കോടിയാണ് സര്‍വ്വം മായ ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഭീഷ്മ പര്‍വ്വം (44.6 കോടി), ടര്‍ബോ (44.55 കോടി), കളങ്കാവല്‍ (44.15 കോടി), ഗുരുവായൂരമ്പല നടയില്‍ (43.22 കോടി) എന്നിങ്ങനെയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങളുടെ ആഗോള ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

1050 കോടി പടം വീണു; ഷാരൂഖിനെയും മലർത്തിയടിച്ച് ധുരന്ദറിന്റെ കുതിപ്പ്, ജവാനും ചെക്ക് ! ഞെട്ടി ബോളിവുഡ്
24 ദിവസം, ശക്തരായ എതിരാളികൾ ! വിട്ടുകൊടുക്കാതെ കുതിപ്പ് തുടന്ന് കളങ്കാവൽ, ഒഫീഷ്യൽ കണക്ക്