രൺവീർ സിംഗ് നായകനായ 'ധുരന്ദർ' 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. 1100 കോടി കളക്ഷൻ നേടിയ ഈ ചിത്രം, 'പത്താനെ' മറികടന്ന് ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിൽ മൂന്നാം സ്ഥാനത്തെത്തി. 2000 കോടിയിലധികം നേടിയ 'ദംഗൽ' ഒന്നാം സ്ഥാനത്ത്.
ഒരുകാലത്ത് ബോക്സ് ഓഫീസ് എന്നാൽ ബോളിവുഡ് എന്നതായിരുന്നു. എന്നാൽ വർഷങ്ങൾ കഴിയുന്തോറും അതിൽ വൻ മാറ്റം സംഭവിച്ചു. ബോളിവുഡ് പടങ്ങൾ വൻ വീഴ്ചയിലേക്ക് പോയി. സൂപ്പർ താര സിനിമകൾ പോലും മുതൽ മുടക്ക് നേടാതെ തിയറ്ററിൽ നിന്നും ഒടിടിയിലേക്ക് പോയ കാഴ്ച ഏവരും കണ്ടതാണ്. ഇവയിൽ നിന്നും രക്ഷപ്പെട്ടത് ഏതാനും ചില സിനിമകൾ മാത്രം. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിൽ വീണ്ടുമൊരു 1000 കോടി ക്ലബ്ബ് സിനിമ കൂടി ലഭിച്ചിരിക്കുയാണ്. രൺവീർ സിംഗ് തകർത്തഭിനയിച്ച ധുരന്ദറിലൂടെയാണ് ഈ നേട്ടം.
ധുരന്ദർ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ ബോളിവുഡ് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. പത്ത് സിനിമകളുടെ ലിസ്റ്റാണിത്. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ധുരന്ദർ. ഈ വാരത്തോടെ അത് രണ്ടിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ഷാരൂഖ് ഖാൻ ചിത്രം പത്താനെ കടത്തിവെട്ടിയാണ് ധുരന്ദർ മൂന്നാമതെത്തിയത്. 1050 കോടി പത്താൻ നേടിയപ്പോൾ ധുരന്ദർ 1100 കോടിയാണ് നേടിയിരിക്കുന്നത്. 1150 കോടിയുമായി ജവാൻ ആണ് രണ്ടാമത്. 2000 കോടിയിലധികം നേടി ആമിർ ഖാന്റെ ദംഗൽ ആണ് അജയ്യനായി ഒന്നാം സ്ഥാനത്ത്. ലിസ്റ്റിൽ ഏറ്റവും കൂടുതൽ സിനിമകളും ആമിർ ഖാന്റേതാണ്.
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് പടങ്ങൾ
ദംഗൽ : 2000 കോടി+
ജവാൻ : 1150 കോടി
ധുരന്ദർ : 1100 കോടി*
പത്താൻ : 1050 കോടി
ബജ്റംഗി ഭായ്ജാൻ : 925 കോടി
അനിമൽ : 920 കോടി
സീക്രട്ട് സൂപ്പർ സ്റ്റാർ : 902 കോടി
സ്ത്രീ 2 : 885 കോടി
ഛാവ : 810 കോടി
പി കെ : 770 കോടി



