ചെറിയ ബജറ്റ്, വമ്പൻ ജയം, കോടികളുടെ ബിസിനസ്, ആര്‍ഡിഎക്സിന്റെ ലാഭക്കണക്കുകള്‍ അമ്പരപ്പിക്കും

By Web TeamFirst Published Sep 24, 2023, 3:39 PM IST
Highlights

വൻ ലാഭമാണ് ആര്‍ഡിഎക്സ് നേടിയത്.

മലയാളത്തില്‍ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആര്‍ഡിഎക്സ്. താരതമ്യേന ചെറു ബജറ്റില്‍ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സ് വേള്‍ഡ്‍വൈഡ് ബിസിനിസില്‍ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോര്‍ട്ട് ഇന്നലെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.

ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകള്‍ പ്രകാരം ആര്‍ഡിഎക്സ്  നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേള്‍ഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആര്‍ഡിഎക്സ് നേടിയത് 28 ദിവസങ്ങളില്‍ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആര്‍ഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതല്‍ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ കളക്ഷനില്‍ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകള്‍ കുറയ്‍ക്കാതെയുള്ളത്) എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

നെറ്റ്ഫ്ലിക്സിലാണ് ആര്‍ഡിഎക്സ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വമ്പൻ തുകയ്‍ക്കാണ് നെറ്റ്ഫ്ലിക്സ് ആര്‍ഡിഎക്സിന്റെ ഒടിടി റൈറ്റ്സ് നേടിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ഡിഎക്സിന്റെ തമിഴ് റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കാനായി കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളിലെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ആര്‍ഡിഎക്സ്  ആകര്‍ഷകമാക്കിയത് സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ്. അൻപറിവിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ഓരോ താരത്തിനും അനുയോജ്യമായ തരത്തിലായിരുന്നു എന്നതാണ് പ്രത്യേകത. സംവിധായകൻ നഹാസ് ഹിദായത്തിന് ആദ്യ ചിത്രം വിജയത്തിലെത്തിക്കാനായി. മഹിമ നമ്പ്യാരായിരുന്നു ആര്‍ഡിഎക്സിലെ നായിക. ബാബു ആന്റണി, ലാൽ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ മാലാ പാര്‍വതിയും ഒരു നിര്‍ണായക വേഷത്തിലുണ്ടായിരുന്നു.

Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!