തെലുങ്ക് ബോക്സ് ഓഫീസില്‍ ദുല്‍ഖര്‍ തരംഗം; 'സീതാ രാമം' ഇതുവരെ നേടിയത്

By Web TeamFirst Published Aug 10, 2022, 4:16 PM IST
Highlights

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്

മലയാളത്തിലെ യുവനിരയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്മാരില്‍ പ്രധാനിയാണ് ദുല്‍ഖര്‍ സല്‍മാന്‍. മറുഭാഷകളിലും മികച്ച തിരഞ്ഞെടുപ്പുകളാല്‍ സൃഷ്ടിച്ച വിജയങ്ങളാണ് ഇതിനു കാരണം. ഇപ്പോഴിതാ ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രവും ബോക്സ് ഓഫീസില്‍ പുതിയ വിജയം രചിക്കുകയാണ്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ റൊമാന്‍റിക് ഡ്രാമ ചിത്രം സീതാ രാമമാണ് പതിയെയെങ്കിലും സ്റ്റെഡി കളക്ഷനോടെ മുന്നേറുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്.

റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അപ്ഡേറ്റഡ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 33 കോടിയാണ്.

ALSO READ : രണ്ടാം വാരത്തിലും സ്റ്റെഡി കളക്ഷനുമായി പാപ്പന്‍; സുരേഷ് ഗോപി ചിത്രം 12-ാം ദിനം നേടിയത്

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്. 

Genuine, true collections being reported by this team 👏👌 33 CR WW gross in 5 days - rocking! pic.twitter.com/UrEUes8jRP

— Kaushik LM (@LMKMovieManiac)

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി.

click me!