Asianet News MalayalamAsianet News Malayalam

രണ്ടാം വാരത്തിലും സ്റ്റെഡി കളക്ഷനുമായി പാപ്പന്‍; സുരേഷ് ഗോപി ചിത്രം 12-ാം ദിനം നേടിയത്

എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര്

paappan 12th day keraka box office suresh gopi joshiy
Author
Thiruvananthapuram, First Published Aug 10, 2022, 1:17 PM IST

മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളുടെ നിരയില്‍ ഇടംപിടിച്ചിരിക്കുകയാണ് സുരേഷ് ഗോപി ചിത്രം പാപ്പന്‍. ജോഷിയുടെ സംവിധാനത്തിലെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ജൂലൈ 29ന് ആണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ ആദ്യ വാരം കേരളത്തില്‍ മാത്രമായിരുന്നു റിലീസ്. രണ്ടാം വാരം യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും റിലീസ് ചെയ്‍തു. ആദ്യ വാരം കേരളത്തില്‍ നിന്ന് മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചത് ചിത്രത്തിന്‍റെ വിദേശ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. ആദ്യ ഒരാഴ്ച കേരളത്തില്‍ നിന്നു നേടിയ കളക്ഷന്‍ 17.85 കോടി ആയിരുന്നു. വിദേശ, ഇതര സംസ്ഥാന റിലീസുകള്‍ സംഭവിച്ചതിനു ശേഷം 10 ദിവസത്തെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് 31.43 കോടി ആയിരുന്നു. മഴയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും രണ്ടാം വാരത്തിലും കേരളത്തില്‍ മികച്ച പ്രതികരണത്തോടെ തുടരുകയാണ് ചിത്രം. 12-ാം ദിനമായ ചൊവ്വാഴ്ച കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 65 ലക്ഷത്തില്‍ ഏറെയാണെന്നാണ് ഔദ്യോഗിക കണക്ക്.

ALSO READ : 'കഴിഞ്ഞ 48 മണിക്കൂര്‍ ആയി ഞാന്‍ ഉറങ്ങിയിട്ടില്ല'; ലാല്‍ സിംഗ് ഛദ്ദ റിലീസിന്‍റെ സമ്മര്‍ദ്ദത്തെക്കുറിച്ച് ആമിര്‍

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Follow Us:
Download App:
  • android
  • ios