
കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് നേരിട്ട തകര്‍ച്ചയില്‍ ഇടിവ് തട്ടിയ താര സിംഹാസനങ്ങളില്‍ ഒന്ന് ആമിര്‍ ഖാന്‍റേത് ആയിരുന്നു. ദംഗലിന് ശേഷം ആമിര്‍ ഖാന്‍ സോളോ ഹീറോ ആയ ഒരു ചിത്രം തിയറ്ററുകളില്‍ വിജയിച്ചിട്ടില്ല. 2016 ല്‍ ആയിരുന്നു ദംഗലിന്‍റെ റിലീസ്. 2017 ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ നിര്‍മ്മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ വന്‍ വിജയമായിരുന്നു. ആമിര്‍ അതില്‍ അഭിനയിച്ചുവെങ്കിലും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സൈറ വസിം ആയിരുന്നു. പിന്നീട് ആമിര്‍ നായകനായ തഗ്സ് ഓഫ് ഹിന്ദൊസ്ഥാനും ലാല്‍ സിംഗ് ഛദ്ദയും പ്രേക്ഷകപ്രീതി നേടുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ആമിര്‍ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ ഇടവേളയ്ക്ക് ശേഷം അദ്ദേഹം നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സിതാരെ സമീന്‍ പര്‍ ആണ് ആ ചിത്രം. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം സിതാരെ സമീന്‍ പര്‍ ആദ് ദിനം നേടിയത് 11.7 കോടിയാണ്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. ചിത്രത്തിന്‍റെ ജോണര്‍ പരിശോധിക്കുമ്പോള്‍ മികച്ച കളക്ഷനാണ് അത്. സമീപകാലത്ത് ഒരു ആമിര്‍ ഖാന്‍ ചിത്രത്തിന് ഇത്രയും പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിക്കുന്നത് ആദ്യമാണ്. അത് ബോക്സ് ഓഫീസില്‍ തുടര്‍ന്നും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.
2007 ല്‍ പുറത്തെത്തിയ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തുന്ന സിതാരെ സമീന്‍ പറിന്‍റെ സംവിധാനം ആര്‍ എസ് പ്രസന്നയാണ്. 2018 ല്‍ പുറത്തെത്തിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്‍റെ ഒഫിഷ്യല്‍ റീമേക്കുമാണ് ഇത്. സ്പോര്‍ട്സ് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണ് സിതാരെ സമീന്‍ പര്‍.
ഇന്നലെ തന്നെ പുറത്തെത്തിയ ധനുഷിന്‍റെ തമിഴ്/ തെലുങ്ക് ചിത്രം കുബേരയുമായി തട്ടിച്ചുനോക്കുമ്പോള്‍ കളക്ഷനില്‍ തൊട്ടടുത്ത് ഉണ്ട് ആമിര്‍ ഖാന്‍ ചിത്രം. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കുബേരയുടെ ആദ്യ ദിന ഇന്ത്യന്‍ നെറ്റ് 13 കോടിയാണ്. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന കുബേരയുടെ സംവിധാനം ശേഖര്‍ കമ്മുലയാണ്. ധനുഷിനൊപ്പം നാഗാര്‍ജുനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക.