ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' ആദ്യ ദിനം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി.

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രങ്ങളില്‍ ഒന്നാണ് കളങ്കാവല്‍. എട്ട് മാസത്തിന് ശേഷം തിയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം എന്നതിന് പുറമെ മമ്മൂട്ടി പ്രതിനായകനായി എത്തുന്നു എന്നതും ചിത്രത്തിന്‍റെ യുഎസ്പി ആയിരുന്നു. നായകനായി മമ്മൂട്ടിക്കൊപ്പം എത്തുന്ന വിനായകന്‍, മറ്റൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി എന്നിങ്ങനെ പലവിധ ഘടകങ്ങള്‍ പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രങ്ങള്‍ക്ക് ആദ്യ ദിനം ആദ്യ ഷോകളില്‍ ലഭിക്കുന്ന പ്രേക്ഷക പ്രതികരണം എന്തെന്ന് ഇന്‍ഡസ്ട്രി തന്നെ സാകൂതം നിരീക്ഷിക്കാറുണ്ട്. പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നതെങ്കില്‍ അത്തരം ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരാറില്ല. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കാനുള്ള ഭാഗ്യം കളങ്കാവലിനും ഉണ്ടായി. ട്രാക്കര്‍മാരുടെ കണക്കുകളില്‍ അതിന്‍റെ അനുരണനങ്ങള്‍ കാണാം.

റിലീസ് ദിനത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചതിന് പിന്നാലെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം മണിക്കൂറില്‍ 15,000 ടിക്കറ്റുകള്‍ക്ക് മുകളില്‍ വരെ എത്തിയിരുന്നു. ഈവനിംഗ്, നൈറ്റ് ഷോകളോടെ കേരളത്തില്‍ മാത്രം 102 സ്ക്രീനുകള്‍ ചിത്രം പുതുതായി ആഡ് ചെയ്യുകയും ചെയ്തു. ടിക്കറ്റിനായുള്ള ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകളാണ് ഇന്നലെ ചാര്‍ട്ട് ചെയ്യപ്പെട്ടത്. ട്രാക്കര്‍മാര്‍ നല്‍കുന്ന ആദ്യ വിവരങ്ങള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് ആദ്യ ദിനം കളങ്കാവല്‍ നേടിയിരിക്കുന്ന ഗ്രോസ് 4.86 കോടിയാണ്. ഫൈനല്‍ കണക്കുകളില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്.

ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയത് ജിതിന്‍ ആയിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തിയിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ഉള്ളത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live