Sooryavanshi : സല്‍മാനും ജോണും എത്തിയിട്ടും ബോക്സ് ഓഫീസില്‍ കാലിടറാതെ അക്ഷയ് കുമാര്‍; 'സൂര്യവന്‍ശി' നേടിയത്

Published : Nov 27, 2021, 03:01 PM ISTUpdated : Nov 27, 2021, 03:28 PM IST
Sooryavanshi : സല്‍മാനും ജോണും എത്തിയിട്ടും ബോക്സ് ഓഫീസില്‍ കാലിടറാതെ അക്ഷയ് കുമാര്‍; 'സൂര്യവന്‍ശി' നേടിയത്

Synopsis

അന്തിം, സത്യമേവ ജയതേ 2 എന്നീ ചിത്രങ്ങള്‍ ഈയാഴ്ചയാണ് എത്തിയത്

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ വിജയിച്ച ഓരോ ഭാഷകളിലെയും സിനിമകളുണ്ട്. തമിഴില്‍ അത് 'ഡോക്ടര്‍' ആയിരുന്നെങ്കില്‍ ഹിന്ദിയില്‍ അത് 'സൂര്യവന്‍ശി' (Sooryavanshi) ആയിരുന്നു. ഈ മാസം 5ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ 50 കോടിയും ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്‍തിട്ട് മൂന്നാഴ്ച പിന്നിട്ടുകഴിയുമ്പോള്‍ ഏറ്റവും പുതിയ റിലീസുകള്‍ക്കൊപ്പവും പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍ തുടരുകയാണ് ചിത്രം. 

22 ദിവസങ്ങള്‍ കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് 185.64 കോടി കളക്റ്റ് ചെയ്‍തതായാണ് പുറത്തുവരുന്ന കണക്ക്. 21 ദിവസങ്ങള്‍ കൊണ്ട് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം 59.70 കോടിയാണ് നേടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍. അതായത് ചിത്രം ഇതുവരെ നേടിയ ആകെ കളക്ഷന്‍ 244.34 കോടി. പല പ്രദേശങ്ങളിലും തിയറ്ററുകളില്‍ ഇനിയും 100 ശതമാനം പ്രവേശനം ആവാത്ത സാഹചര്യത്തില്‍ 244 കോടി എന്നത് മികച്ച വിജയമായാണ് ഇന്‍ഡസ്ട്രി പരിഗണിക്കുന്നത്. 10 ദിവസം കൊണ്ട് 150 കോടി പിന്നിട്ട ചിത്രം 17 ദിവസം കൊണ്ടാണ് ഇന്ത്യന്‍ കളക്ഷനില്‍ 175 കോടി പിന്നിട്ടത്. 

അതേസമയം ഈ വാരം മറ്റു ചില സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തെത്തിയിട്ടും സൂര്യവന്‍ശിയുടെ കളക്ഷനെ കാര്യമായി ബാധിക്കുന്നില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സല്‍മാന്‍ ഖാന്‍, ആയുഷ് ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്‍ത 'അന്തിം: ദ് ഫൈനല്‍ ട്രൂത്ത്' (Antim: The Final Truth), ജോണ്‍ എബ്രഹാമിനെ നായകനാക്കി മിലാപ് സവേരി സംവിധാനം ചെയ്‍ത 'സത്യമേവ ജയതേ 2' (Satyameva Jayate 2) എന്നിവയാണ് ഈ വാരം പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും ഭേദപ്പെട്ട അഭിപ്രായം നേടിയെങ്കിലും കളക്ഷനില്‍ കാര്യമായ മുന്നേറ്റമില്ല. സത്യമേവ ജയതേ 2 ഇന്ത്യയില്‍ നിന്ന് 3.60 കോടി മാത്രം റിലീസ് ദിനത്തില്‍ നേടിയപ്പോള്‍ സല്‍മാന്‍ ചിത്രത്തിന്‍റെ ഓപണിംഗ് അല്‍പ്പം ഭേദമാണെന്ന് മാത്രം. ലഭ്യമായ കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ ആദ്യദിന ഇന്ത്യന്‍ കളക്ഷന്‍ 4.75 കോടിയാണെന്നാണ് കൊയ്‍മൊയ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

റിലീസ് ചെയ്ത് 9 ദിവസങ്ങൾ കൊണ്ട് ആ നേട്ടം; കളക്ഷനിൽ വമ്പൻ മുന്നേറ്റവുമായി 'കളങ്കാവൽ'
ആരുണ്ടെടാ സ്റ്റാൻലിക്ക് ചെക്ക് വയ്ക്കാൻ ! രണ്ടാം ശനിയും ബുക്കിങ്ങിൽ വൻ തരം​ഗം; കുതിപ്പ് തുടർന്ന് കളങ്കാവൽ