നിര്‍മ്മാണച്ചെലവ് 161 കോടി; 'സ്‍ക്വിഡ് ഗെയിം' നെറ്റ്ഫ്ളിക്സിന് നല്‍കിയ ലാഭം എത്ര? കണക്കുകള്‍

By Web TeamFirst Published Oct 19, 2021, 10:21 PM IST
Highlights

സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്‍ക്വിഡ് ഗെയിം സെപ്റ്റംബര്‍ 17നാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്

വര്‍ത്തമാനകാലത്ത് സിനിമകളുടെ ജനപ്രീതി കണക്കാക്കുന്ന പ്രധാന മാനദണ്ഡം ബോക്സ് ഓഫീസില്‍ അവ നേടുന്ന കളക്ഷന്‍ ആണ്. എന്നാല്‍ ഒടിടി പ്ലാറ്റ്‍ഫോമിലൂടെ എത്തുന്ന സിരീസുകള്‍ നേടുന്ന ജനപ്രീതിയുടെ അളവുകോല്‍ എന്താണ്? അഥവാ അവ ഹിറ്റോ അതോ സൂപ്പര്‍ഹിറ്റോ എന്നൊക്കെ പ്രേക്ഷകര്‍ എങ്ങനെയാണ് അറിയുക? നെറ്റ്ഫ്ളിക്സിനെപ്പോലുള്ള പ്രമുഖ പ്ലാറ്റ്‍ഫോമുകളൊക്കെ തങ്ങളുടെ ഹോംസ്ക്രീനില്‍ അതാതു പ്രദേശങ്ങളില്‍ ഏറ്റവും ട്രെന്‍ഡിംഗ് ഏതൊക്കെ ഷോകളും സിനിമകളുമാണെന്ന് ഉപയോക്താക്കളോട് വിനിമയം ചെയ്യാറുണ്ട്. അതല്ലാതെ കൃത്യം കണക്കുകളോ വിജയത്തിന്‍റെയോ പരാജയത്തിന്‍റെയോ തോതോ ഒന്നും അവര്‍ പുറത്തുവിടാറില്ല. എന്നാല്‍ ഇപ്പോഴിതാ നെറ്റ്ഫ്ളിക്സിന്‍റെ സമീപകാലത്തെ ഏറ്റവും ജനപ്രീതി നേടിയ സിരീസ് ആയ 'സ്‍ക്വിഡ് ഗെയിം' കമ്പനിക്ക് ഉണ്ടാക്കിയ നേട്ടം എത്രയെന്ന കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബെര്‍ഗ് ആണ് നെറ്റ്ഫ്ളിക്സിന്‍റെ ആഭ്യന്തര കണക്കുകള്‍ സമാഹരിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

 

സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്‍ക്വിഡ് ഗെയിം സെപ്റ്റംബര്‍ 17നാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 32 മുതല്‍ 63 മിനിറ്റുകള്‍ വരെയുള്ള ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ ആയിരുന്നു അത്. ഭാഷാഭേദമന്യെ ലോകമെമ്പാടും പ്രേക്ഷകരുണ്ടായി സിരീസിന്. സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കാന്‍ തുടങ്ങിയതോടെ നെറ്റ്ഫ്ളിക്സിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോ ആയിരിക്കുകയാണ് സ്‍ക്വിഡ് ഗെയിം. റിലീസ് ചെയ്‍ത് ആദ്യ 23 ദിവസത്തിനുള്ളില്‍ ഷോയുടെ രണ്ട് മിനിറ്റ് എങ്കിലും കണ്ടവരുടെ എണ്ണം 13.2 കോടി വരുമെന്നാണ് നെറ്റ്ഫ്ളിക്സിന്‍റെ കണക്ക്. ഇതില്‍ 89 ശതമാനം പ്രേക്ഷകര്‍ ചുരുങ്ങിയത് 75 മിനിറ്റ് എങ്കിലും കണ്ടിട്ടുണ്ടെന്നും 66 ശതമാനം പേര്‍ (8.7 കോടി പേര്‍) 23 ദിവസത്തിനകം ആദ്യ സീസണ്‍ പൂര്‍ത്തിയാക്കിയെന്നും കണക്കുകള്‍ പറയുന്നു. 

 

മറ്റു പല സിരീസുകളെയും അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് കുറവാണെന്നതാണ് സ്‍ക്വിഡ് ഗെയിമിനോട് നെറ്റ്ഫ്ളിക്സിന്‍റെ പ്രിയം കൂട്ടുന്ന മറ്റൊരു ഘടകം. 161 കോടി രൂപയാണ് ആദ്യ സീസണിന്‍റെ ആകെ നിര്‍മ്മാണച്ചെലവ് (എപ്പിസോഡിന് 18 കോടി രൂപ). എന്നാല്‍ ഷോ സൃഷ്‍ടിച്ചിരിക്കുന്ന മൂല്യം 891.1 മില്യണ്‍ ഡോളര്‍ (6694 കോടി രൂപ!) ആണെന്നാണ് നെറ്റ്ഫ്ളിക്സിന്‍റെ ആഭ്യന്തര കണക്ക്. നിക്ഷേപകരെ ഏറെ സന്തോഷിപ്പിക്കുന്ന കണക്ക് ആണിത്. പുതിയ സബ്സ്ക്രൈബേഴ്സിനെ നേടുന്നതില്‍ 2013നു ശേഷം നെറ്റ്ഫ്ളിക്സ് ഏറ്റവും പിന്നോക്കംപോയ കാലയളവ് ആയിരുന്നു ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതി. കൊവിഡ് പശ്ചാത്തലത്തില്‍ സിരീസുകളുടെയും സിനിമകളുടെയും പ്രൊഡക്ഷന്‍ കുത്തനെ ഇടിഞ്ഞതാണ് ഇതിന് ഒരു കാരണം. എന്നാല്‍ സ്‍ക്വിഡ് ഗെയിമിന്‍റെ വരവ് ഓഹരിവിപണിയില്‍ നെറ്റ്ഫ്ളിക്സിനെ 7 ശതമാനം കയറ്റിയിരിക്കുകയാണ്. 20.9 ലക്ഷം കോടി രൂപയാണ് നെറ്റ്ഫ്ളിക്സിന്‍റെ നിലവിലെ മതിപ്പുമൂല്യം.

click me!