
ചെന്നൈ: കമൽഹാസൻ, സിലംബരസൻ ടിആർ, തൃഷ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മണിരത്നത്തിന്റെ തഗ് ലൈഫ് എന്ന ചിത്രം ലഭിച്ച ഹൈപ്പിന് നീതി പുലര്‍ത്തുന്ന പ്രകടനമല്ല ബോക്സോഫീസില്‍ കാണിതക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ താര സമ്പന്നമായ ചിത്രത്തിന് 50 കോടി ക്ലബില്‍ പോലും എത്താന്‍ സാധിച്ചില്ല. റിലീസ് ചെയ്ത നാല് ദിവസത്തിനുള്ളിൽ ചിത്രം ഇന്ത്യയിൽ നിന്ന് 35.64 കോടി കളക്ഷൻ മാത്രമാണ് ചിത്രത്തിന് നേടാന്‍ സാധിച്ചത് എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത തഗ് ലൈഫ് ഇന്ത്യയിൽ നിന്ന് ആദ്യ ദിവസം 15.5 കോടി കളക്ഷൻ നേടി. വെള്ളിയാഴ്ച ചിത്രം വൻ ഇടിവ് രേഖപ്പെടുത്തി, 7.15 കോടിയാണ് നേടിയത്. ശനിയാഴ്ച കളക്ഷൻ അല്പം വർദ്ധിച്ച് 7.75 കോടി നേടി. ഞായറാഴ്ച ചിത്രം ഇന്ത്യയിൽ നിന്ന് ₹5.24 കോടി നെറ്റ് നേടി. ഇതോടെ ആദ്യ വാരാന്ത്യ കളക്ഷൻ 35.64 കോടിയായി.
കമല്‍ഹാസന്‍റെ തഗ് ലൈഫിന് മുന്‍പുള്ള ചിത്രം ഇന്ത്യന്‍ 2വിന് ഇതിനെക്കാള്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു എന്നതാണ് ഇപ്പോള്‍ ബോക്സോഫീസിലെ ചര്‍ച്ച. 62.15 കോടിയാണ് ഇന്ത്യന്‍ 2 നാല് ദിവസത്തില്‍ കളക്ഷന്‍ നേടിയത്. മണിരത്നത്തിന്‍റെ അവസാന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ നാല് ദിവസങ്ങളില്‍ 100 കോടി കടന്നിരുന്നുവെന്നും കാണേണ്ട കണക്കാണ്.
ഈ കണക്കുകളില്‍ നിന്ന് തന്നെ തഗ് ലൈഫ് വന്‍ പരാജയത്തിലേക്കാണ് പോകുന്നത് എന്ന് വ്യക്തമാണ്. വാരാന്ത്യത്തില്‍ പോലും 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാത്ത ചിത്രം ആഭ്യന്തരമായി 100 കോടി നേടുമോ എന്നും സംശയമാണ് എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.