തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററായ ഏരീസ് പ്ലെക്സ്, കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറ് സിനിമകളുടെ പട്ടിക പുറത്തുവിട്ടു. 

കേരളത്തിലെ ഏറ്റവും നിലവാരമുള്ള തിയറ്ററുകളില്‍ ഒന്നെന്ന് പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുള്ള തിയറ്ററുകളില്‍ ഒന്നാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ്. മള്‍ട്ടിപ്ലെക്സ് തിയറ്ററിലെ സ്ക്രീന്‍ 1 ആയ ഓഡി 1 കേരളത്തിലെ ബി​ഗ് കപ്പാസിറ്റി സിനിമാ ഹാളുകളില്‍ ഒന്നുമാണ്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ തങ്ങളുടെ തിയറ്ററില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ആറ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഏരീസ് പ്ലെക്സ്. പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോ വഴി ലഭ്യമായ കണക്കാണിതെന്ന് അറിയിച്ചിട്ടുണ്ട് അവര്‍.

ഏരീസ് പ്ലെക്സിലെ ടോപ്പ് ഗ്രോസേഴ്സ്

2025 ജൂലൈ മുതല്‍ ഡിസംബര്‍ വരെ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ സിനിമകളുടേതാണ് ഈ പട്ടിക. ഇത് പ്രകാരം ഏറ്റവുമധികം കളക്ഷന്‍ നേടിയത് ലോക ചാപ്റ്റര്‍ 1 ആണ്. മലയാളത്തിന് ആദ്യമായി 300 കോടി ക്ലബ്ബ് തുറന്നുകൊടുത്ത ചിത്രമാണ് ഇത്. 82,000 ടിക്കറ്റുകളാണ് ഏരീസ് പ്ലെക്സ് ലോകയുടേതായി വിറ്റത്. അതിലൂടെ ലഭിച്ച കളക്ഷന്‍ ആവട്ടെ 1.12 കോടിയും. കാന്താര ചാപ്റ്റര്‍ 1 ആണ് രണ്ടാം സ്ഥാനത്ത്. 1.12 കോടിയാണ് കാന്താര നേടിയത്. വിറ്റത് 61,000 ടിക്കറ്റുകളും.

നിവിന്‍ പോളിയുടെ തിരിച്ചുവരവ് ചിത്രമായി മാറിയ സര്‍വ്വം മായയാണ് മൂന്നാമത്. ഏരീസില്‍ നിന്ന് 55,000 പേര്‍ കണ്ട ചിത്രം നേടിയ കളക്ഷന്‍ 1.01 കോടിയാണ്. രാഹുല്‍ സദാശിവന്‍റെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറേ ആണ് ലിസ്റ്റില്‍ നാലാമത്. 52,000 പേര്‍ കണ്ടതില്‍ നിന്ന് 95 ലക്ഷം കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തിന്റെ സ്ലീപ്പര്‍ ഹിറ്റ് ആയി മാറിയ എക്കോ ആണ് അഞ്ചാം സ്ഥാനത്ത്. 33,000 പേര്‍ കണ്ടതില്‍ നിന്ന് 59.37 ലക്ഷം രൂപയാണ് ചിത്രം ഏരീസില്‍ നിന്ന് കളക്റ്റ് ചെയ്തത്.

മമ്മൂട്ടിയും വിനായകനും ഒന്നിച്ചെത്തിയ കളങ്കാവല്‍ ആണ് ലിസ്റ്റിലെ ആറാം സ്ഥാനത്ത്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം 31,000 ടിക്കറ്റുകള്‍ വിറ്റ് 53.72 ലക്ഷം കളക്ഷനാണ് നേടിയത്. ഇതില്‍ എക്കോയും കളങ്കാവലും ഐഎഫ്എഫ്കെയ്ക്ക് ഇടയില്‍ പ്രദര്‍ശനം നടത്തി എന്നതും ഏരീസ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഡിസംബര്‍ 12 മുതല്‍ 19 വരെ നടന്ന ഐഎഫ്എഫ്കെയ്ക്ക് ഏരീസ് പ്ലെക്സിലെ ചില സ്ക്രീനുകള്‍ വിട്ടുനല്‍കിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News l HD News Streaming