
കമല്‍ ഹാസനും മണി രത്നവും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു തഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ യുഎസ്‍പി. വലിയ പ്രീ റിലീസ് ഹൈപ്പ് ഒന്നും ചിത്രം സൃഷ്ടിച്ചിരുന്നില്ലെങ്കിലും ആദ്യം പറഞ്ഞ കൂട്ടുകെട്ട് ആദ്യ ദിനം പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ പര്യാപ്തമായിരുന്നു. ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാം ദിനമായ വെള്ളിയാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 22.63 കോടിയാണ്. ഗ്രോസ് 18 കോടിയും ആണ്. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ വിദേശ ബോക്സ് ഓഫീസ് 22 കോടിയുടേതാണ്. അങ്ങനെ രണ്ട് ദിവസത്തെ ആഗോള ഗ്രോസ് 40 കോടി. ഇവരുടെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ആദ്യ ദിനം 13.35 കോടിയും രണ്ടാം ദിനം 6.32 കോടിയും നേടി. ഹിന്ദി പതിപ്പ് ആദ്യ ദിനം 65 ലക്ഷവും രണ്ടാം ദിനം 29 ലക്ഷവും. തെലുങ്ക് പതിപ്പ് ആദ്യ ദിനം 1.5 കോടിയും രണ്ടാം ദിനം 52 ലക്ഷവും. എല്ലാം ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍.
അതേസമയം മറ്റൊരു പ്രമുഖ ട്രാക്കര്‍ ആയ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ചിത്രം റിലീസ് ദിനത്തില്‍ മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 36 കോടിയാണ്. ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് 17 കോടിയും വിദേശത്തുനിന്ന് 19.25 കോടിയും നേടിയെന്നാണ് അവര്‍ പറയുന്നത്.
കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.