
ചെന്നൈ: കമൽ ഹാസൻ മണിരത്നം കൂട്ടുകെട്ട് എന്ന ആത്മവിശ്വാസത്തിലായിരുന്നു തഗ് ലൈഫ് തീയറ്ററില്‍ എത്തിയത്. നായകൻ എന്ന ചിത്രത്തിന് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രം എന്നാല്‍ തീയറ്ററില്‍ നിരാശയാണ് ഉണ്ടാക്കുന്നത്. 200 കോടി രൂപയുടെ ബജറ്റിൽ നിർമ്മിച്ച തഗ് ലൈഫിൽ തൃഷ കൃഷ്ണനും സിലംബരസൻ ടിആറും അഭിനയിച്ചിരുന്നു.
പ്രതീക്ഷകൾക്ക് അനുസൃതമായ ഒരു പ്രകടനം അല്ല ചിത്രത്തിന് ഉണ്ടയത്. ബോക്സ് ഓഫീസിൽ വലിയ പരാജയം ചിത്രം നേരിടുകയാണ്. ഇപ്പോള്‍ റിലീസ് ചെയ്ത് ഒരു ആഴ്ച തികയും മുന്‍പ് തന്നെ ചിത്രത്തിന്റെ പകുതി ഷോകൾ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
"കന്നഡ തമിഴിൽ നിന്നാണ് ജനിച്ചത്" എന്ന വിവാദ പ്രസ്താവന കാരണം, കമൽ ഹാസന്റെ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്തിരുന്നില്ല. എന്നിരുന്നാലും, ജൂൺ 5 ന് ലോകമെമ്പാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു.
ഇന്ത്യയിൽ, റിലീസ് ദിവസം ആകെ 4917 ഷോകൾ ഉണ്ടായിരുന്നു കമല്‍ ചിത്രത്തിന്. ഹിന്ദിയിൽ 1535 ഷോകളും, തമിഴിൽ 2503 ഷോകളും, തെലുങ്കിൽ 777 ഷോകളും, ഐമാക്സ് 2D, 4DX എന്നിവയിൽ എല്ലാ ഭാഷകളിലുമായി ഏകദേശം 102 ഷോകളും ചിത്രം നേടിയിരുന്നു.
റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ, ഇന്ത്യയിലുടനീളം ഈ എണ്ണം 2089 ആയി കുറഞ്ഞു, തമിഴിൽ വെറും 1290 ഷോകളും, ഹിന്ദിയിൽ 218 ഷോകളും, തെലുങ്ക് ഭാഷയിൽ 581 ഷോകളും മാത്രമാണ് ഇപ്പോള്‍ ചിത്രത്തിന് ഉള്ളത്.
ആറാം ദിവസം, തഗ് ലൈഫ് തമിഴില്‍ 17% ഉം ഹിന്ദിയിലും തെലുങ്കിലും യഥാക്രമം 6% ഉം 13.47% ഉം ആണ് മൊത്തം ഒക്യുപെൻസിയാണ് ലഭിച്ചത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ അഭിപ്രായത്തിൽ തഗ് ലൈഫ് ആറാം ദിവസം ഇന്ത്യയിൽ നിന്ന് 1.75 കോടി രൂപ മാത്രമാണ് നേടിയത്.