ജയിച്ചത് ആര്, കാലിടറിയത് ആര്‍ക്കൊക്കെ? ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകള്‍

Published : Mar 13, 2026, 01:00 PM IST
top 10 Kerala Box Office Grossing movies 2026 all languages mammootty jayaram nivin pauly chatha pacha

Synopsis

2026 സിനിമാ ലോകത്തിന് അത്ര മികച്ച വര്‍ഷമല്ലെങ്കിലും അപൂര്‍വ്വം ചിത്രങ്ങള്‍ കേരള ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കി

സിനിമയ്ക്ക് അത്ര നല്ല വര്‍ഷമല്ല ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 2026. ബോക്സ് ഓഫീസിനെ സംബന്ധിച്ച് പൊതുവെ വരണ്ട മാസങ്ങളാണ് ഫെബ്രുവരിയും മാര്‍ച്ച് ആദ്യവുമൊക്കെ. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ മലയാള സിനിമയ്ക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിലൊക്കെ വന്‍ ഹിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കാര്യം അങ്ങനെയല്ല. പൊങ്കലിന് വന്‍ ചലനം സൃഷ്ടിക്കാറുള്ള തമിഴ് ബോക്സ് ഓഫീസിനും ഇത്തവണ ക്ഷീണമായിരുന്നു. പൊങ്കല്‍ റിലീസ് ആയി പ്ലാന്‍ ചെയ്തിരുന്ന വിജയ്‍യുടെ ജനനായകന്‍ എത്താതിരുന്നതായിരുന്നു കോളിവു‍ഡിലെ പ്രധാന പ്രതിസന്ധി. ഇപ്പോഴിതാ ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ട്രാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ഈ വര്‍ഷത്തെ റിലീസുകളില്‍ കേരളത്തില്‍ നിന്ന് ഇതിനകം ഏറ്റവും കളക്ഷന്‍ നേടിയത് ചത്താ പച്ചയാണ്. 17.5 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത് എന്നാണ് കണക്കുകള്‍. യുവതാരങ്ങള്‍ക്കൊപ്പം കാമിയോ റോളില്‍ മമ്മൂട്ടിയും എത്തിയ ചിത്രമാണ് ഇത്. രണ്ടാം സ്ഥാനത്തും ഒരു യുവതാര ചിത്രമാണ്. സാഗര്‍ സൂര്യയും ഗണപതിയും അല്‍ അമീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രകമ്പനം. 15.2 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. ജയറാമും കാളിദാസും പ്രധാന വേഷങ്ങളിലെത്തിയ ആശകള്‍ ആയിരം ആണ് മൂന്നാം സ്ഥാനത്ത്. 7.7 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.

നാലാം സ്ഥാനത്ത് ജീത്തു ജോസഫിന്‍റെ വലതുവശത്തെ കള്ളന്‍ ആണ്. ബിജു മേനോനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന്‍റെ കേരള ബോക്സ് ഓഫീസ് 6 കോടിയുടേതാണ്. സര്‍വ്വം മായ എന്ന വന്‍ വിജയത്തിന് ശേഷം നിവിന്‍ പോളി നായകനായ ബേബി ഗേള്‍ ആണ് ലിസ്റ്റില്‍ അഞ്ചാമത്. 4.10 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. ഭാവനയുടെ അനോമി, കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം, ഇപ്പോള്‍ തിയറ്ററുകളിലുള്ള മിസ്റ്ററി ത്രില്ലര്‍ സംഭവം അധ്യായം ഒന്ന് എന്നിവയാണ് 6, 7, 8 സ്ഥാനങ്ങളില്‍. അനോമി 3.40 കോടിയും മസ്തിഷ്ക മരണം 2.60 കോടിയും സംഭവം അധ്യായം ഒന്ന് 2.25 കോടിയുമാണ് കേരളത്തില്‍ നിന്ന് നേടിയത്. ശിവകാര്‍ത്തികേയന്‍റെ തമിഴ് ചിത്രം പരാശക്തിയാണ് ഒന്‍പതാം സ്ഥാനത്ത്. 1.5 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. ഇന്ദ്രന്‍സ് ടൈറ്റില്‍ റോളില്‍ എത്തിയ ആശാന്‍ ആണ് ലിസ്റ്റില്‍ പത്താമത്. 1.45 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. സമീപകാലത്ത് കേരളത്തില്‍ നിന്ന് മികച്ച കളക്ഷന്‍ നേടിയ മറ്റൊരു ചിത്രം ബോളിവുഡ് ചിത്രം ധുരന്ദര്‍ ആണ്. 8.65 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത്. എന്നാല്‍ ഇതിന്‍റെ റിലീസ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 ന് ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'12 വര്‍ഷം മുന്‍പ് ബോക്സ് ഓഫീസിലെ ആ റെക്കോര്‍ഡ്'; 'ഗ്യാങ്സ്റ്റര്‍' നേടിയ ഷെയര്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്
നുണ പറയാനില്ല, മാമാങ്കത്തിന് ആവശ്യത്തിൽ കൂടുതൽ കിട്ടി, മാളികപ്പുറം 100 കോടി നേടിയിട്ടില്ല; വേണു കുന്നപ്പിള്ളി