വേ​ഗതയില്‍ മുന്നില്‍ ഒരൊറ്റ താരം മാത്രം! അസാധ്യമായത് നേടി 'വാഴ 2'; 'ലോക'യ്‍ക്കൊപ്പം ആ നാഴികക്കല്ലിലേക്ക്

Published : Apr 08, 2026, 03:29 PM IST
vaazha 2 now is the third fastest malayalam movie to hit 100 crores worldwide

Synopsis

നവാഗത സംവിധായകൻ സവിൻ എസ് എ ഒരുക്കിയ വാഴ 2 ആഗോള ബോക്സ് ഓഫീസിൽ വന്‍ നേട്ടത്തിലേക്ക്

മലയാള സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ ട്രെന്‍ഡ് സെറ്റര്‍ വാഴ 2 ബോക്സ് ഓഫീസില്‍ വന്‍ നേട്ടത്തിലേക്ക്. ഒരു പ്രധാന നാഴികക്കല്ല് ആണ് ചിത്രം റിലീസിന്‍റെ ഏഴാം ദിനമായ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമാണ് വാഴ 2. വാഴ 2 നേക്കാള്‍ വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ രണ്ട് ചിത്രങ്ങള്‍ എമ്പുരാന്‍, തുടരും എന്നിവയാണ്.

തുടരും ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ എമ്പുരാന്‍റെ 100 കോടി നേട്ടം വെറും രണ്ട് ദിവസം കൊണ്ട് ആയിരുന്നു. മലയാളത്തില്‍ നിലവിലെ ഏറ്റവും വലിയ ഗ്രോസര്‍ ആയ ലോകയും ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നത്. അതേസമയം 100 കോടി പിന്നിടുമ്പോഴും ചിത്രത്തിന് ബോക്സ് ഓഫീസില്‍ യാതൊരു ഇടിവും തട്ടിയിട്ടില്ല എന്ന് മാത്രമല്ല, ടിക്കറ്റ് വില്‍പ്പനയിലും തിയറ്റര്‍ ഒക്കുപ്പന്‍സിയിലും ചിത്രം കുതിക്കുകയാണ്. ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് ബുക്ക് മൈ ഷോയില്‍ വാഴ 2 ന്‍റേതായി വിറ്റുപോയിക്കൊണ്ടിരിക്കുന്നത് 16,000 ല്‍ അധികം ടിക്കറ്റുകള്‍ ആണ്. വേനലവധിക്കാലമാണ് എന്നതും മറ്റ് വലിയ റിലീസുകള്‍ ഒപ്പമില്ല എന്നതും ചിത്രത്തിന് സാധ്യതകളുടെ വലിയ ലോകമാണ് തുറന്നുകൊടുത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് ഇപ്പോള്‍ ഒട്ടുമേ പ്രവചിക്കാനാവാത്ത സ്ഥിതിയുമാണ്.

നവാഗതരായ അഭിനേതാക്കളെ വച്ച് ഒരു നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രമാണ് മിന്നും നേട്ടം സ്വന്തമാക്കുന്നത് എന്നത് മലയാള സിനിമയ്ക്കും ഇവിടുത്തെ പ്രേക്ഷകര്‍ക്കും ഒരുപോലെ അഭിമാനകരമാണ്. ഇത്തരത്തിലൊന്ന് മലയാളത്തില്‍ മാത്രമേ നടക്കൂ എന്ന് മറ്റ് ഭാഷകളില്‍ നിന്നുള്ള ട്രാക്കര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. നവാഗതനായ സവിൻ എസ് എ ആണ് ചിത്രത്തിന്‍റെ സംവിധാനം. സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയിരിക്കുന്നത്. ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്‍റെ ടാഗ് ലൈന്‍ എങ്കില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്നാണ് വാഴ 2 ന്‍റെ ടാഗ് ലൈന്‍. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ സാഹോദര്യമാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ആദ്യ തടസം ചാടിക്കടന്ന് ഹാഷിറും ടീമും, പിന്നിലായത് ചില്ലറക്കാരല്ല! വന്‍ നേട്ടവുമായി 'വാഴ 2'
കൊടുത്ത കാശ് മുതലായി; വെറും 5 ദിനത്തിൽ തഴച്ച് വളർന്ന് 'വാഴ 2'; ഹാഷിർ ​ഗ്യാങ്ങിന് തൊട്ടരികിൽ 100കോടി