തെലുങ്ക് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടോ 'വാഴ 2'? തെലുങ്ക് പതിപ്പ് ആദ്യ ദിനം നേടിയ കളക്ഷന്‍

Published : Apr 25, 2026, 11:12 AM IST
vaazha 2 telugu version opening box office collection hashir vipin das savin sa

Synopsis

200 കോടി ക്ലബ്ബിലെത്തിയ വാഴ 2 തെലുങ്കിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്

ഉള്ളടക്കം നോക്കി സിനിമകള്‍ വിജയിപ്പിക്കുന്ന പ്രേക്ഷകരെന്ന് മലയാളികളെക്കുറിച്ച് ഇതര ഭാഷാ ഇന്‍ഡസ്ട്രികളിലുള്ളവര്‍ പറയാറുണ്ട്. അത് ശരിയുമാണ്. താരതമ്യേന പുതിയ ആളുകള്‍ അഭിനയിക്കുന്ന, മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നേടുന്നത് പോലെയുള്ള വിജയങ്ങള്‍ മറ്റ് ഭാഷകളില്‍ നേടാറില്ല. മലയാളി പ്രേക്ഷകരുടെ ഈ സിനിമാഭിരുചിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് വാഴ 2 നേടിയ വിജയം. 200 കോടി ക്ലബ്ബും കടന്ന് ചിത്രം ലോകമെമ്പാടും ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഇന്നലെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രീ റിലീസ് പ്രൊമോഷനോടെയാണ് തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ അടക്കമുള്ളവരെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രൊമോഷനായി സഹകരിപ്പിച്ചിരുന്നു. എന്നാല്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് ചിത്രം രുചിച്ചോ? ഇപ്പോഴിതാ ആദ്യ ദിനത്തിലെ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

തെലുങ്ക് പ്രേക്ഷകര്‍ക്ക് ചിത്രം ഇന്‍ററസ്റ്റിംഗ് ആയി തോന്നിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ഒപ്പം ചിത്രം നേടിയിരിക്കുന്ന ഓപണിംഗ് കളക്ഷനും. ഇന്നലെ തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തലേന്ന് രാത്രി ചിത്രത്തിന്‍റെ പെയ്ഡ് പ്രീമിയറുകളും നടന്നിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് നല്‍കുന്ന കണക്ക് അനുസരിച്ച് വാഴ 2 തെലുങ്ക് ആദ്യ ദിനം നേടിയിരിക്കുന്നത് 75 ലക്ഷം ആണ്. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. 20 ശതമാനം ഒക്കുപ്പന്‍സിയോടെ ആയിരത്തിലേറെ പ്രദര്‍ശനങ്ങളാണ് ചിത്രം ആദ്യ ദിനം നടത്തിയതെന്ന് സാക്നില്‍ക് അറിയിക്കുന്നു. അതേസമയം വ്യാഴാഴ്ച രാത്രി നടന്ന പെയ്ഡ് പ്രീമിയറുകളുടെ കളക്ഷന്‍ കൂടി ചേര്‍ത്തതാണോ 75 ലക്ഷം എന്നത് വ്യക്തമല്ല. അങ്ങനെ ആയാല്‍ത്തന്നെ മികച്ച തുടക്കമാണ് വാഴ 2 തെലുങ്കില്‍ നേടിയിരിക്കുന്നത്.

പ്രേമലുവാണ് തെലുങ്ക് ഡബ്ബിംഗ് പതിപ്പില്‍ ഏറ്റവും മികച്ച പ്രതികരണം നേടിയ മലയാള ചിത്രം. 15 കോടിയിലേറെയാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് നേടിയത്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയിരുന്നു ചിത്രം. അതേ രീതിയില്‍ വാഴ 2 വരുമോ എന്നറിയാന്‍ വരും ദിനങ്ങളിലെ പ്രതികരണം കാത്തിരിക്കേണ്ടതുണ്ട്. 2024 ല്‍ പുറത്തെത്തിയ വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സിന്‍റെ സീക്വല്‍ ആയി എത്തിയിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാത്രമല്ല സംവിധായകനും മാറി. ആദ്യ ഭാഗത്തില്‍ ചെറു വേഷങ്ങളില്‍ എത്തിയ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, വിനായക് വി, അജിന്‍ ജോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. നവാഗതനായ സവിന്‍ സ ആണ് ചിത്രത്തിന്‍റെ സംവിധാനം.

PREV
Read more Articles on
click me!

Recommended Stories

'എമ്പുരാന്‍' വീണു! ഇനി 'ഷണ്മുഖന്‍റെ' ഊഴം; ആ റെക്കോര്‍ഡ് ബുക്കില്‍ വമ്പന്മാരെ തകര്‍ത്തെറിഞ്ഞ് 'വാഴ 2'
3900 കോടി കളക്ഷന്‍! ആ ചിത്രം ഇന്ന് ഇറങ്ങിയിരുന്നുവെങ്കില്‍ 'ബാഹുബലി'യേക്കാളും 'ധുരന്ധറി'നെക്കാളും വലിയ ഹിറ്റ്