
മുംബൈ: ഹൃതിക് റോഷനും ജൂനിയർ എൻടിആരും പ്രധാന വേഷങ്ങളിൽ എത്തുന്ന 'വാര്‍ 2' ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കാൻ പോകുന്നുവെന്ന് ട്രാക്കര്‍മാരുടെ പ്രവചനം. വൈആർഎഫ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രം ആദ്യ ദിന കളക്ഷനിൽ ചരിത്രം തിരുത്തുമെന്നാണ് കോയി മോയി പോലുള്ള ട്രാക്കിംഗ് സൈറ്റുകളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജൂനിയർ എൻടിആർ, ഇന്ത്യയിൽ രണ്ട് 100 കോടി ഓപ്പണിംഗ് ദിനങ്ങൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നടനായി മാറാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതുവരെ ഈ നേട്ടം പ്രഭാസിന് മാത്രമായിരുന്നു. 'വാര്‍ 2' തെലുങ്ക് ബോക്സോഫീസില്‍ ജൂനിയർ എൻടിആറിന്റെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയേക്കും എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
'ആർആർആർ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം, വാര്‍ 2വിന് ലഭിക്കുന്ന പ്രീ റിലീസ് പബ്ലിസിറ്റി താരത്തിന്റെ ബോക്സ് ഓഫീസ് മൂല്യം വീണ്ടും തെളിയിക്കുന്നു. തെലുങ്ക് പ്രേക്ഷകർക്കിടയിൽ 'വാര്‍ 2' വൻ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്, ഇത് ആദ്യ ദിന കളക്ഷനിൽ പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രം, സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ ഹൃതിക് റോഷന്റെ 'വാർ' (2019) എന്ന ഹിറ്റ് ചിത്രത്തിന്റെ തുടർഭാഗമാണ്. ജൂനിയർ എൻടിആറിന്റെ ഗംഭീര ലുക്ക്, ആക്ഷൻ രംഗങ്ങൾ, ഹൃതിക് റോഷനുമായുള്ള തീപാറുന്ന കെമിസ്ട്രി എന്നിവ ചിത്രത്തിന്‍റെ പ്രധാന ആകർഷണങ്ങളാണ്. ജൂനിയർ എൻടിആറിന്റെ "റോ ആന്റ് പവർഫുൾ" ലുക്ക് ആരാധകരെ ആകർഷിക്കുന്നതിൽ വിജയിച്ചേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ വിലയിരുത്തലില്‍ 200+ കോടി വരെ ആഗോള ഓപ്പണിംഗ് പ്രവചിക്കുന്നുണ്ട് ഈ ചിത്രത്തിന് എന്നാണ് കോയി മോയി റിപ്പോര്‍ട്ട് പറയുന്നത്. റിലീസിന് മുമ്പ് തന്നെ മുന്‍കൂര്‍ ബുക്കിംഗില്‍ അടക്കം ഇന്ത്യന്‍ ബോക്സോഫീസില്‍ വാര്‍ 2 നിരവധി റെക്കോർഡുകൾ തകർക്കാൻ സാധ്യതയുണ്ടെന്നും പ്രവചനത്തില്‍ പറയുന്നു.
'പഠാൻ', 'ടൈഗർ' പോലുള്ള ചിത്രങ്ങളിലൂടെ വൻ വിജയം നേടിയ വൈആർഎഫ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായതിനാൽ ബോളിവുഡ് മേഖലയില്‍ നിന്നും 'വാര്‍ 2'ന് വലിയ പ്രേഷക പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.