തിയറ്ററില്‍ എത്തിയിട്ട് ഇന്ന് 50 ദിനങ്ങള്‍; ഒടിടിയില്‍ എത്തിയിട്ടും ടിക്കറ്റ് വില്‍പ്പന, 'തുടരും' ഇതുവരെ എത്ര നേടി?

Published : Jun 13, 2025, 11:52 AM IST
thudarum completes 50 days in theatres here is the box office collection till now mohanlal

Synopsis

ഏപ്രില്‍ 25 ന് എത്തിയ ചിത്രം

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ അത് സിനിമാ വ്യവസായത്തിന് പകരുന്ന ഊര്‍ജ്ജത്തെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പണ്ട് മുതലേ പ്രചരിക്കുന്ന ചില വിലയിരുത്തലുകളുണ്ട്. അത് മലയാള സിനിമയ്ക്ക് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊടുത്ത ചിത്രമായിരുന്നു തുടരും. വലിയ പ്രീ റിലീസ് പ്രൊമോഷണല്‍ ബഹളങ്ങളില്ലാതെ ഏപ്രില്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രം വലിയ ഹിറ്റ് ആവുമെന്ന് ഉറപ്പായി. അത്രയും പോസിറ്റീവ് ആയ അഭിപ്രായങ്ങളാണ് കാണികളില്‍ നിന്ന് എത്തിയത്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇതുവരെയുള്ള ബോക്സ് ഓഫീസ് നേട്ടം എത്രയെന്ന് പരിശോധിക്കാം.

ചിത്രം തിയറ്ററുകളില്‍ എത്തിയതിന്‍റെ 50-ാം ദിനമാണ് ഇന്ന്. ഇപ്പോഴും ചിത്രത്തിന് കേരളത്തില്‍ അങ്ങോളമിങ്ങോളം ഷോകളും അത് കാണാന്‍ എണ്ണത്തില്‍ കുറവെങ്കിലും പ്രേക്ഷകരുമുണ്ട്. മെയ് 30 ന് ഒടിടിയില്‍ എത്തിയ ചിത്രമാണിത്. ഒടിടിയില്‍ എത്തിയിട്ട് രണ്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ചിത്രം കാണാന്‍ തിയറ്ററില്‍ ആളെത്തുന്നു എന്നത് മലയാള സിനിമയില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം 49-ാം ദിനമായ ഇന്നലെ ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ ഒരു ലക്ഷമാണ്. ഇക്കഴിഞ്ഞ ശനിയും ഞായറും ചിത്രം 4 ലക്ഷം വീതം നേടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 5 ലക്ഷവും.

ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 121.92 കോടിയാണ്. ഗ്രോസ് 141.5 കോടിയും. വിദേശത്തുനിന്ന് മറ്റൊരു 93.8 കോടി. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയിട്ടുള്ളത് 235.3 കോടി. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷനാണ് ഇത്. എമ്പുരാനും മഞ്ഞുമ്മല്‍ ബോയ്സും മാത്രമാണ് കളക്ഷനില്‍ തുടരുമിന് മുകളിലുള്ള രണ്ട് ചിത്രങ്ങള്‍.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്.

PREV
Read more Articles on
click me!

Recommended Stories

ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'
'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍