ക്യാപ്റ്റന്‍: വാഴ്ത്തപ്പെടാത്ത നായകനൊരു ഗ്രേറ്റ് സല്യൂട്ട്

By Pranav PrakashFirst Published Feb 16, 2018, 4:20 PM IST
Highlights

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ആമി തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് മുന്‍ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി.സത്യന്റെ ജീവിതം ചിത്രീകരിക്കുന്ന ക്യാപ്റ്റന്‍ തീയേറ്ററുകളിലെത്തുന്നത്. കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇന്ത്യയുടെ മികച്ച പ്രതിരോധനിര താരമായും നായകനുമായുള്ള സത്യന്റെ വളര്‍ച്ചയും പിന്നീട് അവഗണനകളേറ്റു വാങ്ങി അരങ്ങൊഴിഞ്ഞ ആ ജീവിതവുമാണ് ക്യാപ്റ്റനില്‍ നിറയുന്നത്. ഇല്ലായ്മകളില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിനെ അഭിമാനകരമായ നേട്ടങ്ങളിലേക്ക് നയിച്ച നായകനുള്ള അനുയോജ്യമായ ആദരമാണ് ക്യാപ്റ്റന്‍.

ഐഎസ്എല്ലിന്റെ ആരവങ്ങള്‍ ഉയരും മുന്‍പുള്ള കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന് ഉയിരും ഉടലും നല്‍കിയത് സത്യനും ഷറഫലിയും വിജയനുമെല്ലാം അടങ്ങുന്ന മലയാളി താരങ്ങളാണ്. അവഗണനകളോടും അസൗകര്യങ്ങളോടും പടപൊരുത്തി അവര്‍ സൃഷ്ടിച്ച കളിയാരവങ്ങള്‍ മലയാളി മനസ്സുകളില്‍ ഇപ്പോഴും ബാക്കിയുണ്ട്. ഈ കൂട്ടത്തില്‍ ഒരു ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രതിരോധ താരം എന്ന നിലയിലും പേരെടുത്തയാളാണ് വി.പി.സത്യന്‍. കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ നയിച്ച താരം എന്ന നിലയിലുള്ള സത്യന്‍ വളര്‍ച്ച ത്രസിപ്പിക്കുന്ന ഒരു കഥയാണെങ്കില്‍ കാലിനേറ്റ പരിക്കും കളിക്കളത്തില്‍ നിന്നുള്ള പിന്‍വാങ്ങലും തളര്‍ത്തിയ സത്യന്‍ ഒരു ദുരന്തചിത്രമാണ്. ഇങ്ങനെ ത്രസിപ്പിക്കുന്ന പോരാളിയായും നിസ്സഹായനായ മനുഷ്യനായുമുള്ള വി.പി.സത്യന്റെ ജീവിതയാത്രയുടെ ഹൃദസ്പര്‍ശിയായ ആവിഷ്‌കാരമാണ് ക്യാപ്റ്റന്‍ എന്ന ചിത്രം. 

വി.പി.സത്യന്റെ ജീവിതത്തോട് പൂര്‍ണനീതി പുലര്‍ത്തിയും സിനിമ എന്ന നിലയില്‍ പ്രേക്ഷകനെ രസിപ്പിച്ചും ഇങ്ങനെയൊരു ചിത്രമൊരുക്കിയ പ്രജേഷ് സെന്‍ എന്ന നവാഗത സംവിധായകനാണ് ക്യാപ്റ്റനിലെ ആദ്യത്തെ താരം. വി.പി.സത്യന്റെ ത്രസിപ്പിക്കുന്നതും സംഘര്‍ഷ ഭരിതവുമായ ജീവിതത്തെ മനോഹരമായി അവതരിപ്പിച്ച ജയസൂര്യയ്ക്കാണ് അടുത്ത കൈയടി. സത്യന്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെ അത്രയും ഗംഭീരമായാണ് ജയസൂര്യ സ്‌ക്രീനിലേക്ക് പകര്‍ത്തിയത്. സത്യന്റെ ഭാര്യ അനിതയുടെ വേഷം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്  അനുസിത്താരയാണ്. രാമന്റെ ഏദന്‍ത്തോട്ടത്തിന് ശേഷം അനുവിന് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് ക്യാപ്റ്റനിലേത്. വ്യത്യസ്തമായ നിരവധി ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന ഈ കഥാപാത്രത്തെ പാളിച്ചകളില്ലാതെ കൈകാര്യം ചെയ്യാന്‍ അനുവിന് സാധിച്ചു. 

ചിത്രത്തിന്റെ ആദ്യപകുതിയില്‍ നിറഞ്ഞു നില്‍ക്കുന്ന സിദ്ധിഖ് അവതരിപ്പിച്ച ഫുട്‌ബോള്‍ ആരാധകന്റെ കഥാപാത്രവും പ്രേക്ഷകഹൃദയത്തെ സ്പര്‍ശിക്കും. ഇവരെ കൂടാതെ രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍ എന്നിവരും ശ്രദ്ധേയമായ പ്രകടനം ചിത്രത്തില്‍ കാഴ്ച്ച വച്ചു. സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി,സൈജു കുറുപ്പ്,ജനാര്‍ദ്ദനന്‍, തലൈവാസല്‍ വിജയ്,അരുണ്‍ പുനലൂര്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിനായി ഗോപീ സുന്ദര്‍ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും കഥാഗതിയ്ക്ക് തീര്‍ത്തും അനുയോജ്യമായിരുന്നു. റോബി വര്‍ഗ്ഗീസിന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. 

സത്യനൊപ്പമുള്ള ഈ രണ്ടരമണിക്കൂര്‍ യാത്രയില്‍ പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന, കണ്ണു നിറയ്ക്കുന്ന അനവധി രംഗങ്ങളുണ്ട്. കണ്ണൂരിലെ ഒരു നാട്ടിന്‍പുറത്തു നിന്നും കഠിന പ്രയത്‌നത്താല്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ഉയര്‍ന്ന വ്യക്തിയാണ് വി.പി സത്യന്‍. ഫുട്‌ബോളിനെ ജീവശ്വാസമായി സ്വീകരിച്ച സത്യന്‍ പക്ഷേ ഫുട്‌ബോള്‍ താരം എന്ന നിലയിലോ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയിലോ അനര്‍ഹമായ ഒരു ആനുകൂല്യവും കൈപ്പറ്റിയിരുന്നില്ല. അഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി കളിച്ച സത്യന്‍ ഒടുവില്‍ കാലിന് പരിക്കേറ്റാണ് കളം വിടുന്നത്. 

എല്ലാ പ്രതിസന്ധികളോടും വീറോടെ പൊരുതിയ സത്യനെ പാടെ തളര്‍ത്തിയത് കാലിനേറ്റ പരിക്കാണ്. അവഗണനകളും അപമാനവും പേറി എല്ലാവരിലും നിന്നകന്ന് ചെന്നൈ നഗരത്തില്‍ ഒതുങ്ങി കൂടിയ അദ്ദേഹം ഫുട്‌ബോള്‍ തനിക്കിനി അന്യമാണെന്ന തിരിച്ചറിലാണ് റെയില്‍വേ ട്രാക്കില്‍  സ്വയം ഇല്ലാതായത്. സത്യന്റേത് ഒറ്റപ്പെട്ട ജീവിതമല്ല. സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയ എത്രയോ കായികതാരങ്ങള്‍ നാമറിയാതെ ബാക്കി നില്‍ക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ നാം അംഗീകരിക്കാതിരിക്കുകയും മരണശേഷം നാം വാഴ്ത്തിപ്പാടുകയും ചെയ്ത ഒരുപാടു പ്രതിഭകളുണ്ട്. വളരെ വൈകിയാണെങ്കിലും സത്യന്റെ സംഭവബഹുലമായ ജീവിതത്തെ അറിയാനും അടയാളപ്പെടുത്താനും ക്യാപ്റ്റന്‍ എന്ന ചിത്രം കാരണമാവുകയാണ്. ഫുട്‌ബോളിനെ സ്‌നേഹിച്ച ഫുട്‌ബോളിനായി ജീവിച്ച ഒടുവില്‍ റെയില്‍പാളങ്ങളില്‍ ചുവപ്പു കാര്‍ഡ് സ്വീകരിച്ച ഇന്ത്യന്‍ നായകനുള്ള സ്‌നേഹാജ്ഞലിയാണ് ക്യാപ്റ്റന്‍......

വി.പി.സത്യന്‍


 

click me!