ഉസ്താദ് അംജദ് അലി ഖാനെ അനുനയിപ്പിക്കാൻ സർക്കാർ; മുഖ്യമന്ത്രി ചർച്ച നടത്തും

By Web TeamFirst Published Jan 25, 2021, 8:16 AM IST
Highlights

തിരുവന്തപുരം വേളിയിൽ തുടങ്ങാനിരുന്ന സംഗീത അക്കാദമി ചുവപ്പുനാടയിൽ കുരുങ്ങിയതോടെയാണ് പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് അംജദ് അലി ഖാൻ വ്യക്തമാക്കിയത്

തിരുവനന്തപുരം: ഉസ്താദ് അംജദ് അലി ഖാൻ അക്കാദമി സംസ്ഥാനത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. അംജദ് അലി ഖാനുമായി ദില്ലിയിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സർക്കാർ അനുകൂല നിലപാടെടുത്താൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് അംജദ് അലി ഖാൻ വ്യക്തമാക്കി. മുഖ്യമന്ത്രി അടുത്ത തവണ ദില്ലിക്ക് പോകുമ്പോൾ അംജദ് അലി ഖാനുമായി കൂടിക്കാഴ്ച നടത്തും.

തിരുവന്തപുരം വേളിയിൽ തുടങ്ങാനിരുന്ന സംഗീത അക്കാദമി ചുവപ്പുനാടയിൽ കുരുങ്ങിയതോടെയാണ് പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് അംജദ് അലി ഖാൻ വ്യക്തമാക്കിയത്. സൂര്യ കൃഷ്ണമൂർത്തി വഴിയായിരുന്നു അദ്ദേഹം സർക്കാരിന് കത്തയച്ചത്. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. പദ്ധതി ഉപേക്ഷിക്കരുതെന്നും ആവശ്യങ്ങൾ പരിഗണിക്കാമെന്നും സൂര്യ കൃഷ്ണമൂർത്തി വഴി മുഖ്യമന്ത്രി അംജദ് അലി ഖാനെ അറിയിച്ചു. ഇക്കാര്യത്തോട് അംജദ് അലി ഖാനും അനുകൂലമായാണ് പ്രതികരിച്ചത്.

അടുത്തവട്ടം ദില്ലി സന്ദർശിക്കുമ്പോൾ അംജദ് അലി ഖാനുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. നാളെ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു. ഏഴ് വർഷമായിട്ടും സ്ഥലം വിട്ടുനൽകാത്തതും സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്ത ഭൂമിക്ക് വർഷം 14.5 ലക്ഷം രൂപ വാടക ചോദിച്ചതുമാണ് അക്കാദമി എന്ന ആശയത്തിൽ നിന്ന് പിൻവാങ്ങാനുളള കാരണമായി അംജദ് അലി ഖാൻ ചൂണ്ടിക്കാട്ടിയത്. ഒപ്പം നാല് സർക്കാർ പ്രതിനിധികളെ ഭരണസമിതി അംഗങ്ങളാക്കണണമെന്ന് ആവശ്യപ്പെട്ടതിനോടും അദ്ദേഹം എതിർപ്പ് അറിയിച്ചു. വാടക ഇളവ് നൽകാനും സർക്കാർ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനുമാണ് നിലവിലെ സർക്കാർ തീരുമാനം.

click me!