'കളങ്കാവൽ' ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രം, രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ വമ്പൻ നേട്ടമാണ് നേടിയിരിക്കുന്നത്. മമ്മൂട്ടികമ്പനി തന്നെയാണ് ഔദ്യോഗികമായി കളക്ഷൻ വിവരങ്ങൾ പങ്കുവച്ചത്.
രണ്ടാം ദിനവും മികച്ച കളക്ഷൻ മുന്നേറ്റവുമായി മമ്മൂട്ടി- വിനായകൻ ചിത്രം 'കളങ്കാവൽ'. ആദ്യ ദിനം 15.7 കോടിയായിരുന്നു ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി നേടിയതെങ്കിൽ രണ്ടാം ദിനം 31.2 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയിരിക്കുന്നത്. മമ്മൂട്ടിക്കമ്പനി തന്നെയാണ് ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടിക്കമ്പനിയുടെ ഏഴാം ചിത്രമായെത്തിയ കളങ്കാവൽ നവാഗതനായ ജിതിൻ ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും മികവാർന്ന പ്രകടനം തന്നെയാണ് സിനിമയുടെഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.കുറുപ്പ് എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും നിറഞ്ഞാടിയ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെയും പ്രകടനം ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ ആദ്യമായി 21 നായികമാർ ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു കളങ്കാവൽ. എട്ട് മാസങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നേരത്തെ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു ഏറ്റവും ഒടിവിലെത്തിയ മമ്മൂട്ടി ചിത്രം. എന്തായാലും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂക്കയുടെ ബോക്സ് ഓഫിസിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് കളങ്കാവലിലൂടെ നടക്കുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
ഫൈസൽ അലി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് മുജീബ് മജീദ് ആണ്. എക്കോ, കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങൾക്ക് ശേഷം മുജീബ് മജീദ് സംഗീതമൊരുക്കിയ ചിത്രം കൂടിയാണ് കളങ്കാവൽ. ചിത്രത്തിലെ അഞ്ച് പാട്ടുകളും ശ്രദ്ധേയമായിരുന്നു. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ഹച്ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.



