
ബംഗളൂരു: കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പ്രമുഖരാണ് എത്തിയത്.
രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെയും അംബരീഷിന്‍റെ മരണവാര്‍ത്തയിലെ ഞെട്ടല്‍ രേഖപ്പെടുത്തി. പ്രിയ താരത്തോടുള്ള സ്നേഹവും ആദരവും പങ്കുവയ്ക്കാനും അവര്‍ മറന്നില്ല. അത്ഭുതം ജനിപ്പിക്കുന്ന മനുഷ്യനായിരുന്നു അംബരീഷെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു.
“പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കുടുംബത്തിന് അനുശോചനങ്ങള്‍ അറിയിച്ച മോഹന്‍ലാല്‍ പ്രാര്‍ത്ഥനയും സ്നേഹവും പങ്കുവച്ചു. എല്ലാവിധ പ്രാര്‍ത്ഥനകളും ഒപ്പമുണ്ടാകുമെന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്.
1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്.
1994-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.
പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്സഭയിലേക്ക് ജയിച്ചു. 2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്‍റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ