പദ്മാവതിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും; വിയോജിപ്പ് കൂടി പരിഗണിക്കണമെന്ന് ആവശ്യം

By Web DeskFirst Published Nov 16, 2017, 11:10 AM IST
Highlights

ലക്‌നൗ: ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം 'പത്മാവതി'ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രാലയം, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തിന് കത്തയച്ചു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് അതില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേക്ഷിക്കണമെന്നും യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ക്കും ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഭീഷണികള്‍ നേരിടുന്നുണ്ടെന്നും അവയെല്ലാം പ്രത്യേകം പരിഗണിക്കണമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക വക്താവ് അരവിന്ദ് കുമാര്‍ കത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നവംബര്‍ 22, 26, 29 തീയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന കാര്യം കൂടി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിനാണ് വോട്ടെണ്ണല്‍. ഈ സാഹചര്യത്തില്‍ ക്രമസമാധാനപാലനം സംസ്ഥാന ആഭ്യന്തരവകുപ്പിന് വിഷമകരമായിരിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'പദ്മാവതി'യുടെ റിലീസ് തടയണമെന്ന് ഗുജറാത്ത് നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും രംഗത്ത് വന്നിരിക്കുന്നത്. പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ ചരിത്രവസ്തുതകളെ വളച്ചൊടിച്ചിരിക്കുന്നുവെന്നും അനുമതി നല്‍കിയ തീരുമാനം സെന്‍സര്‍ ബോര്‍ഡ് പുനഃപരിശോധിക്കണമെന്നും ബി.ജെ.പി വൈസ്പ്രസിഡന്റ് ഐ.കെ ജഡേജയും ആവശ്യപ്പെട്ടിരുന്നു. 

പദ്മാവതിക്ക് നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹരിയാന സര്‍ക്കാര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. റാണി പത്മിനിയുടെ ജീവിതം മോശമായി ചിത്രീകരിച്ച് സഞ്ജയ് ലീല ബന്‍സാലി ലക്ഷക്കണക്കിനുപേരുടെ വികാരം വ്രണപ്പെടുത്തുമെന്നാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് വിമര്‍ശിച്ചത്.  സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് ചിത്രം റിലീസ് ചെയ്യാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ചിത്രത്തിന്റെ റിലീസ് തീയതിയില്‍ കര്‍ണി സേന ഭരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

തീയറ്ററുകള്‍ക്കെതിരെ ആക്രമണങ്ങള്‍, കോലം കത്തിക്കല്‍ തുടങ്ങി രാജ്യത്തുടനീളം ചിത്രത്തിനെതിരെ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, രജപുത്ര സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്നിക്കിരയാക്കുകയും, പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.

അതേസമയം, ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളി. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ബോര്‍ഡ് അനുമതി പോലും കിട്ടിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വൃക്തമാക്കി. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.
 

click me!