പാക് നടന്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം 28ന്  തിയറ്ററുകളില്‍; സുരക്ഷയൊരുക്കുമെന്ന് പൊലീസ്

By Web DeskFirst Published Oct 18, 2016, 9:08 AM IST
Highlights

എംഎന്‍എസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനി താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സിംഗിള്‍ തിയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. മള്‍ട്ടിപ്ലസുകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കും എന്നാണ് എംഎന്‍എസ് ഭീഷണി. പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം 'യെ ദില്‍ഹെ മുഷ്‌കിലി'ന്റെ ദീപാവലി റിലീസ് തടയുമെന്ന് എംഎന്‍എസ് നിലപാട് ആവര്‍ത്തിച്ചു. 

സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ തകര്‍ക്കുമെന്നാണ് ഭീഷണി. തിയേറ്ററിലുള്ള വിലകൂടിയ ഗ്ലാസ് ഷീറ്റുകളുടെ കാര്യം മള്‍ടിപ്ലക്‌സ് ഉടമകള്‍  മറക്കരുതെന്ന് എംഎന്‍എസ് സിനിമ വിഭാഗം തലവന്‍ അമയ് ഖോപ്കര്‍ ഭീഷണി മുഴക്കി. പാക് നടി മഹീറ ഖാന്‍ അഭിനയിച്ച ഷാറുഖ് ചിത്രം 'റായിസി'ന്റെ ജനുവരിയിലെ റിലീസ് തടയുമെന്നും എംഎന്‍എസ് അറിയിച്ചിട്ടുണ്ട്. 

അതേസമയം പാക് താരങ്ങള്‍ അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നിര്‍മാതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുംബൈ പൊലീസ് വ്യക്തമാക്കി. എംഎന്‍എസ് നേതാക്കള്‍ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് മുകേഷ് ഭട്ട് അഭ്യര്‍ത്ഥിച്ചു. 

എംഎന്‍എസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും സിനിമ റിലീസുമായി മുന്നോട്ടുപോകാനാണ് കരണ്‍ ജോഹറിന്റെ തീരുമാനം. ഐശര്യ റായ്, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ, ഫവാദ് ഖാന്‍ എന്നിവരഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'യെദില്‍ ഹെ മുഷ്‌കില്‍' ഈമാസം 28 നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

click me!