ക്വട്ടേഷന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെയാണ് വാദം; ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി

Published : Jul 20, 2017, 12:43 PM ISTUpdated : Oct 04, 2018, 04:47 PM IST
ക്വട്ടേഷന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെയാണ് വാദം; ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി

Synopsis

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ ദിലീപ് മുഖ്യ ആസൂത്രകനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ അഡ്വാന്‍സായി 10,000 രൂപ ദിലീപ്, മുഖ്യപ്രതിയായ സുനില്‍ കുമാറിന് നല്‍കി. സുനില്‍ കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കണക്കില്‍ പെടാത്ത ഒരു ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതില്‍ വാദിച്ചു.

രണ്ട് മണിക്കൂറോളമാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടന്നത്. ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാം കുമാറിന്റെ വാദമാണ് ആദ്യം നടന്നത്. രണ്ട് പേര്‍ കൂടിക്കാഴ്ച നടത്തുന്നത് ഗൂഢാലോചനയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അഡ്വ കെ. രാംകുമാര്‍ വാദിച്ചു. സിനിമാ ലൊക്കേഷനുകളില്‍ സുനില്‍ കുമാര്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. അവിടെ വെച്ച് ദിലീപും സുനില്‍ കുമാറും തമ്മില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമാണെന്ന വാദത്തോട്, അത് അങ്ങനെ അല്ലല്ലോ പ്രോസിക്യൂഷന്‍ രേഖകളില്‍ കാണുന്നതെന്ന സംശയം കോടതി ഉന്നയിച്ചു. സുനില്‍ കുമാര്‍ ദിലീപന്റെ ഡ്രൈവര്‍ ആയിരുന്നില്ലെന്നും എന്നിട്ടും അവര്‍ തമ്മില്‍ നാല് സ്ഥലങ്ങളില്‍ വെച്ച് കൂടിക്കണ്ടുവെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 

ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് കാരവന് സമീപം നിന്ന് ഇരുവരും ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ വാദത്തെ പ്രതിഭാഗം ഖണ്ഡിച്ചു. എന്താണ് ഇവര്‍ സംസാരിച്ചതെന്ന് കേട്ടു നിന്നവരോ സാക്ഷികളോ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ക്വട്ടേഷന്റെ ബുദ്ധി കേന്ദ്രം ദിലീപാണെന്നതിന് സകല തെളിവുകളുമുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 2011ല്‍ ഒരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് ദിലീപിന് അറിവുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.  ദിലീപും സുനിയും നാല് തവണ കൂടിക്കാഴ്ച നടത്തിയതിനും സാക്ഷികളുണ്ട്. ഇവര്‍ എന്താണ് സംസാരിച്ചത് എന്നു പോലും തെളിയിക്കാന്‍ കഴിയുന്ന തെളിവുകളുണ്ടെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ആദ്യത്തെ ബലാത്സംഗ ക്വട്ടേഷനാണിതെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു.

ദിലീപ് ഉപയോഗിക്കുന്ന കാരവന്റെ ഉള്ളില്‍ വെച്ച് പലതവണ ഇവര്‍ സംസാരിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തിട്ടുണ്ട്. പരിചയമില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് കാരവന്റെ ഉള്ളില്‍ കടന്ന് സംസാരിക്കുകയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. 2012ല്‍ ദിലീപിന്റെ മുന്‍ഭാര്യയും ആക്രമിക്കപ്പെട്ട നടിയും കണ്ടിരുന്നു. അന്ന് അവര്‍ കൈമാറിയ ചില വിവരങ്ങളാണ് പിന്നീട് ആക്രമണത്തിന് ആധാരം. ദിലീപിന്റെ മാനേജരായിരുന്ന അപ്പുണ്ണിയെക്കൂടി ഈ കേസില്‍  പ്രതിചേര്‍ക്കാനുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും വാദിച്ച പ്രോസിക്യൂഷന്‍, ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും വാദിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും മുദ്രവെച്ച കവറില്‍ പൊലീസ്, കോടതിയില്‍ ഹാജരാക്കി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി