'ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഞാന്‍ പഠിച്ചു'; അറസ്റ്റ് നല്‍കിയ ജീവിതാനുഭവങ്ങളെക്കുറിച്ച് ധന്യ മേരി വര്‍ഗീസ്

By Web TeamFirst Published Nov 8, 2018, 6:55 PM IST
Highlights

"എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ് കുടുംബവും. എനിക്ക് ബിസിനസിനെപ്പറ്റി ഒന്നും അറിയില്ല. ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു."

ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് താന്‍ പഠിച്ചെന്ന് നടി ധന്യ മേരി വര്‍ഗീസ്. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ അറസ്റ്റും തുടര്‍ സംഭവവികാസങ്ങളും നല്‍കിയ ജീവിതപാഠം അതാണെന്ന് പറയുന്നു ധന്യ.

'ഒറ്റ രാത്രി കൊണ്ട് എല്ലാം എങ്ങനെ മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞ്, അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാന്‍ ശ്രമിക്കുന്നു', ധന്യ പറയുന്നു.

രണ്ട് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും പറയുന്നു അവര്‍. 'പക്ഷേ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ് കുടുംബവും. എനിക്ക് ബിസിനസിനെപ്പറ്റി ഒന്നും അറിയില്ല. ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു. ഈ സംഭവങ്ങള്‍ക്ക് ശേഷം ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് എന്നെപ്പോലെ എന്റെ ഭര്‍ത്താവും പഠിച്ചു', ധന്യ പറഞ്ഞവസാനിപ്പിക്കുന്നു.

100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും സിനിമാനടനുമായ ജോണും പ്രതിചേര്‍ക്കപ്പെടുന്നതും അറസ്റ്റിലാവുന്നതും 2016ലാണ്. ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി ഉപഭോക്താക്കളെ പറ്റിച്ചു എന്നായിരുന്നു കേസ്. ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ചെയര്‍മാനായുള്ള സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു വഞ്ചനാ കേസ്.

click me!