
ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് നടന്‍ ദിലീപ് ഇന്ന് മറുപടി നല്‍കും. ഗോവ കേന്ദ്രീകരിച്ചുളള സായുധ ഏജന്‍സിയോടും പൊലീസ് മറുപടി തേടിയിട്ടുണ്ട്. എറണാകുളം റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം ആലുവ സിഐയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തണ്ടര്‍ഫോഴ്‌സ്' എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പം ഉണ്ടാകും. അതേസമയം, ദിലീപ് സുരക്ഷ തേടിയ സാഹചര്യം ദിലീപിന്റെ മറുപടിക്ക് ശേഷം അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.
വെളളിയാഴ്ച തണ്ടര്‍ ഫോഴ്‌സ് സംഘം ആലുവയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയിരുന്നു. മലയാളിയായ അനില്‍ നായര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തണ്ടര്‍ ഫോഴ്‌സ് എന്ന സ്ഥാപനം. പോലീസില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രാജ്യത്തെ ആറ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ഗ്രൂപ്പ് ഗോവയിലെ സിനിമ സെറ്റുകള്‍ക്ക് സംരക്ഷണമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നേരത്തെ ചെയ്തിരുന്നത്.
നിലവില്‍ ജീവന് ഭീഷണിയുള്ളതായി ദിലീപ് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സഹപ്രവര്‍ത്തകയായ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയുളള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ