ദിലീപിന് ജാമ്യമില്ല നടുക്കത്തോടെ സിനിമാ ലോകം

By Web DeskFirst Published Sep 18, 2017, 3:51 PM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയില്‍ പോയത് സിനിമ രംഗത്ത് വലിയ നടുക്കമാണ് ഉണ്ടാക്കിയത്. നിര്‍മ്മാതാക്കള്‍ക്കും ഇറങ്ങാന്‍ പോകുന്ന സിനിമയുടെ അണിയറക്കാര്‍ക്ക് മാത്രമായിരുന്നില്ല ആ നടുക്കം ഉണ്ടായിരുന്നത്. നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ ആ നടുക്കം ഒന്നു കൂടി വര്‍ധിച്ചുവെന്നു പറയാം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അനുസരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ജയിലില്‍ 60 ദിവസം പിന്നിട്ടതിനാല്‍ തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. കേസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടികാട്ടിയിരുന്നു. 

ദിലീപിന്‍റെ വാദങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടികാട്ടിയിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിക്കുന്ന വാദങ്ങളാണ് ദിലീപ് നടത്തിയതെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടികാട്ടിയത്. ദിലീപിന്റെ ജാമ്യം കോടതി നാലാം തവണയും നിഷേധിച്ചതോടെ സിനിമയ്ക്കും പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. 

ദിലീപ് നായകാകുന്ന രാമലീലയുടെ റിലീസ് സെപ്തംബര്‍ 28ന് തീരുമാനിച്ചത് പോലും താരത്തിന്‍റെ പുറത്തിറങ്ങല്‍ കണക്കുകൂട്ടിയാണ് എന്നാണ് സൂചന.  താരത്തിന്‍റെ അറസ്റ്റ് ഒരുപറ്റം സിനിമാ അണിയറ പ്രവര്‍ത്തകരെയും മറ്റുമാണ് ബാധിച്ചിരിക്കുന്നത്. സെപ്തംബര്‍ 28 ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ബഹിഷ്‌കരണ ഭീഷണിയും സജീവമാണ്. . എന്നാല്‍ മറ്റുമേഖലയില്‍പ്പെട്ടവര്‍ സിനിമയ്ക്കല്ല നടിക്കൊപ്പമാണ് തങ്ങളെന്ന വാദവുമുണ്ട്. 

നേരത്തെ ചില താരങ്ങള്‍ക്ക് ദിലീപ് ഭീഷണിമുഴക്കിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിനിമാ സംഘടനകള്‍ കൈവിട്ടെങ്കിലും പിന്നീട് ഓരോരുത്തരായി ദിലീപിനെ അനുകൂലിച്ചിരുന്നു.  ജയിലില്‍  ദിലീപിനെ കാണാനായി താരങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു.  നടിയെ ആക്രമിച്ച് ഒന്നരമാസം പിന്നിട്ടപ്പോഴാണ് സിനിമാ ലോകം ദിലീപിനെ അനുകൂലിച്ചത്. നാദിര്‍ഷയാണ് ആദ്യം ജയിലെത്തിയത്. അച്ഛന്‍റെ ശ്രദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് ഇളവ് കിട്ടിയതിന് പിന്നാലെയായിരുന്നു ഇത്.

ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നും ഈ വര്‍ഷവും അതു തുടരാനാണ് സന്ദര്‍ശനമെന്നും ജയറാം വ്യക്തമാക്കി. സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ്ജ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ കെ പി എസി ലളിത ജയില്‍ സന്ദര്‍ശിച്ചതിനും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 എന്നാല്‍ ഇവര്‍ക്കൊക്കെ ദിലീപിനെ അനുകൂലിക്കുന്നതില്‍ ഒറ്റ കാരണമേയുള്ളു. കേസില്‍ ദിലീപിന്റെ പങ്കാണ് ഇവര്‍ക്കെല്ലാം അറിയാനുള്ളത്. അത് തെളിവുകള്‍ നിരത്തി ബോധ്യപ്പെടട്ടെയെന്നാണ് വാദം. എന്നാല്‍ അതില്‍ പ്രധാനമായും വാദം ഉയര്‍ത്തിയ ഗണേഷിന്‍റെ പ്രസ്താവന ചൂണ്ടികാട്ടിയാണ് പ്രോസീക്യൂഷന്‍ കോടതിയില്‍ ദിലീപിന്‍റെ വാദങ്ങളെ എതിര്‍ത്തതും, ദിലീപിന് ജാമ്യം നിഷേധിച്ചതും. അതിനാല്‍ തന്നെ ദിലീപിനെ അനുകൂലിച്ച് ജയിലില്‍ എത്തിയ സിനിമക്കാര്‍ക്കും കാര്യം അത്ര പന്തിയല്ലെന്ന് പറയാം. അതേ സമയം താരസംഘടനയില്‍ ദിലീപിനെ അനുകൂലിക്കാത്ത യുവനിര ഇനിയും ദിലീപ് അനുകൂല നിലപാട് സംഘടനയിലെ ചിലര്‍ നടത്തിയാല്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.

click me!