
തൃശ്ശൂര്‍: ദിലീപിന്റെയായി പുറത്തിറങ്ങിയ അവസാന ചിത്രം ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ സുനില്‍കുമാര്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന് ഫോട്ടോ ലഭിച്ചത്. 2016 നവംബർ 13ന് ഒരേ ടവറിനു കീഴിൽ ദിലീപും പൾസർ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം തൃശൂർ നഗരത്തിലെ പ്രമുഖ ക്ലബ്ബിൽ ജോർജേട്ടൻസ് പൂരത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു.
ഇവിടെനിന്ന് ക്ലബ്ബിലെ ജീവനക്കാർ പകർത്തിയ സെൽഫി ചിത്രങ്ങളിലാണ് പൾസർ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പകർത്തി.
സുനില്‍കുമാര്‍ ജയിലിൽനിന്നു കൊടുത്തയച്ച കത്തിൽ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
ക്ലബ് ജീവനക്കാരെ ആലുവയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യംചെയ്യൽ നടത്തുക. ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ ആക്രമണത്തിനിരയായ നടി സ്ഥിരമായി വരാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച തെളിവുകളും കേസിലെ പ്രതി പൾസർ സുനി ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ എത്തിയതായി ചിത്രങ്ങളും, ലഭിച്ചതോടെയാണ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ