
കൂദാശ സിനിമ ഡിവിഡി വാങ്ങിയെങ്കിലും കാണണമെന്ന അഭിപ്രായവുമായി സംവിധായകൻ ജീത്തു ജോസഫ്. മികച്ച ചിത്രമാണെന്നും ഡിവിഡി എടുത്തെങ്കിലും ഈ സിനിമ കാണണമെന്നുമാണ് ഫേസ്ബുക്ക് ലൈവിലൂടെ ജീത്തു ജോസഫ് ആവശ്യപ്പെടുന്നത്. ബാബുരാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ. ക്വട്ടേഷൻ ഗുണ്ടയായിരുന്ന കല്ലൂക്കാരൻ ജോയ് എന്ന കഥാപാത്രമായാണ് ബാബു രാജ് ഈ സിനിമയിലെത്തുന്നത്. തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ബാബുരാജ് എന്ന നടൻ ചെയ്ത അതിമനോഹരമായ ഒരു സിനിമ എന്നാണ് ജീത്തു ഈ സിനിമയെ വിലയിരുത്തുന്നത്.
എഴുത്തുകാരന്റെയും സംവിധായകന്റെയും കഴിവ് തന്നെയാണ് ഈ സിനിമ എന്നും ജീത്തു ജോസഫ് അഭിപ്രായപ്പെടുന്നു. ത്രില്ലർ സിനിമകളോട് ഇഷ്ടമുള്ളത് കൊണ്ടാണ് താൻ ഈ ചിത്രം കണ്ടെതെന്നും അത്തരത്തിൽ ഇഷ്ടങ്ങളുള്ളവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടുമെന്നും ജീത്തു ജോസഫ് വീഡിയോയിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
''കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജോസഫ് എന്ന ചിത്രത്തെക്കുറിച്ചു പറയാനായി ഞാനൊരു വീഡിയോ ഇട്ടിരുന്നു. . ഇപ്പോള്‍ മറ്റൊരു ചിത്രത്തെക്കുറിച്ചു പറയാനാണ് വന്നത്, സിനിമയുടെ പേര് കൂദാശ. നിര്‍ഭാഗ്യവശാല്‍, ഈ ചിത്രം ഇപ്പോള്‍ തീയേറ്ററുകളിലോടുന്നില്ല. ഇത് തീയേറ്ററില്‍ പോയി കാണാനുള്ള അവസരം എനിക്കുമുണ്ടായില്ല. ഡി.വി.ഡി എടുത്താണ് കണ്ടത്. അത്യാവശ്യം ത്രില്ലറുകള്‍ ചെയ്തിട്ടുള്ള ആളെന്ന നിലയില്‍ അത്തരം ചിത്രങ്ങള്‍ ഇഷ്ടമായതു കൊണ്ടും ഞാനതെടുത്തു കണ്ടതാണ്. ശരിക്കും ഞെട്ടിപ്പോയി. എനിക്കൊരു സങ്കടമാണ് നിങ്ങളോടു പറയാനുള്ളത്. അതിൽ അഭിപ്രായ വ്യത്യാസമുള്ളവരുണ്ടായിരിക്കാം.
ഈ സങ്കടം പറച്ചിലിന് പിന്നിൽ ഒറ്റക്കാര്യമേയുള്ളൂ. ഈ ചിത്രം എഴുതി സംവിധാനം ചെയ്ത ഡിനോ തോമസിനെക്കുറിച്ചും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിനെക്കുറിച്ചും അറിയാന്‍ ശ്രമിക്കണം. എല്ലാവര്‍ക്കും ഓരോ ഇമേജ് വന്നു വീഴും. നടനായാലും സംവിധായകനായാലും, സംഗീത സംവിധായകരായാലും എഡിറ്റേഴ്സ് അങ്ങനെ എല്ലാവര്‍ക്കും അതു ബാധകമാണ്. ആ ഇമേജ് വച്ച് ആ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്.
കൂദാശ കണ്ടു കഴിഞ്ഞ സമയത്തെ ആ ഒരു മാനസികാവസ്ഥയിലാണ് ഞാന്‍ ഇതു പറയുന്നത്. എനിക്ക് തോന്നിയത് ഇതാണ്. ബാബുരാജ് എന്ന നടന്‍ സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചെയ്ത ഒരു സിനിമ. ഒരു പക്ഷേ ഡിനു തോമസ് എന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം, തീയേറ്ററില്‍ ചിത്രത്തിനു വലിയ സ്വീകാര്യത ലഭിക്കാതിരുന്നത്. അധികം തീയേറ്ററുകള്‍ കിട്ടിയില്ലെന്നും അറിയാന്‍ കഴിഞ്ഞു.
ഇതൊരു എക്സലന്റ് ത്രില്ലറാണ്. സാമ്പത്തിക പ്രശ്നങ്ങൾ മറ്റും മാറ്റി നിര്‍ത്തിയാല്‍ ഇതൊരു wellmade സിനിമയാണ്. അതിന്റെ സ്‌ക്രിപ്റ്റ്, സിനിമയ്ക്കു പിന്നിലെ ചിന്ത. ലോകത്തില്‍ ഇന്നേവരെ ആരു ചെയ്തിട്ടില്ല എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതിമനോഹരമാണ്, edge of the seat ല്‍ ഇരുത്തുന്ന സംഭവമാണ്. സാധാരണ ഞാൻ സിനിമ കാണുമ്പോൾ അടുത്തതിങ്ങനെയാകും അങ്ങനെയാകും എന്നെല്ലാം anticipte ചെയ്യാറുണ്ട്. എന്നാല്‍ സിനിമയിലെ ഓരോ സീനും കാണുമ്പോള്‍ എന്റെ ചിന്തകളെയെല്ലാം മാറ്റിയും മറച്ചുമൊക്കെ കൊണ്ടു പോയൊരു സിനിമയാണിത്. അതൊരു എഴുത്തുകാരന്റെയും സംവിധായകന്റെയും കഴിവു തന്നെയാണ്. ഈ സിനിമ മിസ്സ് ചെയ്യരുത്. കാരണം നല്ലൊരു ഫിലിം മേക്കറുണ്ട് ഈ ചിത്രത്തിൽ.
ഞാനടക്കമുള്ള സമൂഹത്തിനു സംഭവിക്കുന്ന വലിയൊരു പിഴവുണ്ട്. പല ആര്‍ട്ടിസ്റ്റുകളെയും ചില ഇമേജുകളുടെ പേരിൽ സൈഡ് ലൈന്‍ ചെയ്തു നിര്‍ത്തും. അങ്ങനെ സൈഡ് ലൈന്‍ ചെയ്യപ്പെടാന്‍ താത്പര്യമില്ലാത്തതു കൊണ്ടു തന്നെയാണ് ‘ഡിറ്റ്ക്ടീവ് ‘ തൊട്ടിങ്ങോട്ട് ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ ചെയ്തത്. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് മറ്റു പല കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയും എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒന്നാണ്. എനിക്കെന്തു കൊണ്ട് ഇങ്ങനെയൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞില്ല എന്നു വരെ ചിന്തിച്ചു പോവുകയാണ്.
ഈ ചിത്രത്തെപ്പറ്റി മുമ്പേ അറിഞ്ഞിരുന്ന എന്റെ ഭാര്യ എന്നോടു പറഞ്ഞു, സ്‌ക്രിപ്റ്റുമായി ഒരുപാട് ആര്‍ട്ടിസ്റ്റുകളെ സമീപിച്ചിരുന്നു. ഒടുവിലാണ് ബാബുരാജിനെക്കണ്ടതും സ്‌ക്രിപ്റ്റ് കേട്ട് ചെയ്യാമെന്ന് സമ്മതിച്ചതും. ഇങ്ങനെയുള്ള സംവിധായകര്‍ക്ക് ആര്‍ട്ടിസ്റ്റുകള്‍ക്കരികിലെത്താന്‍ ഒരു വേദി വേണമെന്ന് തോന്നാറുണ്ട്. കഴിവുള്ള നല്ല ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുന്നു. നല്ല കഥകളുമായി, നല്ല ആശയങ്ങളുമായി, അഭിനേതാക്കളെ ലഭിക്കാതെ. ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും ഒരു സംവിധാനം വേണമെന്നാണ് തോന്നുന്നുത്. ഞാൻ വളരെ എക്സൈറ്റഡാണ്. നൂറ് പേർ കണ്ടാൽ അവർക്ക് ചിലപ്പോൾ മറ്റൊരു അഭിപ്രായമായിരിക്കും. എനിക്കിത്രയേ പറയാനുള്ളൂ. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും.''
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ