
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഉയര്‍ന്ന ചര്‍ച്ചകളില്‍ മോഹന്‍ലാല്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയാവാനുള്ള സാധ്യത പാടേ തള്ളിക്കളഞ്ഞ അദ്ദേഹം രാഷ്ട്രീയത്തില്‍ തനിക്ക് അഭിരുചി ഇല്ലെന്നും അഭിനയജീവിതം തന്നെയാണ് തുടരാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് പറഞ്ഞത്. എന്നാല്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള ചിലരെ സ്ഥാനാര്‍ഥികളാക്കാനുള്ള താല്‍പര്യം ആര്‍എസ്എസ് കേരള ഘടകം ബിജെപി ദേശീയ നേതൃത്വത്തോട് പിന്നാലെ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രതികരിക്കുകയാണ് മേജര്‍ രവി. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ കലാജീവിതം തുടരാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്ന് പറയുന്നു മേജര്‍ രവി. തെരഞ്ഞെടുപ്പിന് നിന്നിട്ട് പാഴാക്കി കളയേണ്ടതല്ല മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ കലാജീവിതമെന്നും പറയുന്നു അദ്ദേഹം. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണം.
'അവരെ കലാകാരന്മാര്‍ എന്ന നിലയിലാണ് സല്യൂട്ട് ചെയ്യേണ്ടത്'
'ചില പാര്‍ട്ടികള്‍ പറഞ്ഞത് ലാലേട്ടന്‍ ഇപ്പോള്‍ നമ്മുടെ പാര്‍ട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പോവുകയാണെന്നാണ്. ഈ തെറ്റിദ്ധരിപ്പിക്കലുകളില്‍ നിങ്ങളാരും വീഴരുത്. കാരണം ഇത് രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് വരുന്ന സമയത്താണ് ഇതൊക്കെ ഉണരുന്നത്. ലാലേട്ടന്‍ ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന് പലരും പറഞ്ഞു. ശുദ്ധ അസംബന്ധമാണ് അത്. കാരണം അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ യാതൊരു താല്‍പര്യവുമില്ല. പിന്നെ നിങ്ങള്‍ അദ്ദേഹത്തെ പ്രതിരോധ മന്ത്രിയുടേത് പോലെയുള്ള ചുമതലകള്‍ വല്ലതും ഏല്‍പ്പിക്കുമെങ്കില്‍ നമുക്ക് നോക്കാം. കാരണം അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റും. അല്ലാതെ വെറുതെ തെരഞ്ഞെടുപ്പിന് നിന്നിട്ട് പാഴാക്കി കളയാനുള്ളതല്ല ലാലേട്ടന്റെയോ മമ്മൂക്കയുടെയോ കലാജീവിതം. അവരെ അവര്‍ ചെയ്യുന്ന പ്രവര്‍ത്തിയിലേക്ക് വിട്ടുകൊടുക്കുക. കലാകാരന്മാര്‍ എന്ന നിലയിലാണ് അവരെ സല്യൂട്ട് ചെയ്യേണ്ടത്.'
വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലും സുരേഷ് ഗോപിയുമടക്കമുള്ളവരെ സ്ഥാനാര്‍ഥികളാക്കണമെന്ന നിര്‍ദേശം ആര്‍എസ്എസ് മുന്നോട്ട് വച്ചത്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെയും കൊല്ലത്ത് സുരേഷ്‌ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് ആര്‍എസ്എസ് നിലപാട്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. സ്ഥിരം പാര്‍ട്ടി മുഖങ്ങളെക്കാള്‍ സ്വീകാര്യതയുള്ള പൊതുസ്വതന്ത്രര്‍ സ്ഥാനാര്‍ത്ഥികളായാല്‍ താമര വിരിയിക്കാമെന്നാണ് ആര്‍എസ്എസിന്റെ വിശ്വാസം. പല മണ്ഡലങ്ങളിലും ആര്‍എസ്എസ് രഹസ്യമായി സര്‍വ്വേ നടത്തിയിരുന്നു. ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് ആര്‍എസ്എസ് സര്‍വ്വെയില്‍ മുന്നിലെത്തിയത് മോഹന്‍ലാലാണ്. തൊട്ടുപിന്നില്‍ കുമ്മനം രാജശേഖരന്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ