
തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ തീയേറ്ററുകളില്‍ നിന്ന് ഔട്ട് കിട്ടുന്നില്ലെന്ന് മുന്‍പും പല ചലച്ചിത്ര പ്രവര്‍ത്തകരും പരാതി പറഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ പ്രൊജക്ടറും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനവുമൊക്കെയായി കേരളത്തിലെ തീയേറ്ററുകള്‍ നവീകരിക്കപ്പെട്ടുവെങ്കിലും അവയുടെ ക്രമീകരണം ചലച്ചിത്ര പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതുപോലെയല്ല പലപ്പോഴും. കാഴ്ചയേക്കാള്‍ സിനിമയുടെ കേള്‍വിയാണ് തീയേറ്ററുകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ തീയേറ്ററുകളിലെത്തിയ സമയത്ത് അതിന് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച റസൂല്‍ പൂക്കുട്ടി തീയേറ്ററുകളിലെ നിലവാരമില്ലായ്മയെക്കുറിച്ചും അനാസ്ഥയെക്കുറിച്ചും പരാതിപ്പെട്ടിരുന്നു. ഇപ്പോഴിതാ തീയേറ്ററുകളില്‍ ജനപ്രീതി നേടുന്ന ഏറ്റവും പുതിയ ചിത്രം 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ശബ്ദമേഖലയില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകനും ഇതേ പരാതി ആവര്‍ത്തിക്കുന്നു. ചിത്രത്തിന്റെ ഫോളി റെക്കോര്‍ഡിംഗും എഡിറ്റും നിര്‍വ്വഹിച്ച ജിതിന്‍ ജോസഫ് ആണ് തീയേറ്ററുകളിലെ ശബ്ദക്രമീകരണത്തിലെ പോരായ്മകളെക്കുറിച്ച് പറയുന്നത്. പല തിയേറ്ററുകളില്‍ നിന്നും ശബ്ദം കുറവാണ് എന്ന പരാതി വരുന്നുവെന്നും സത്യാവസ്ഥ മനസ്സിലാക്കാതെ തങ്ങളുടെ വര്‍ക്ക് മോശമാന്നെന്ന് പറഞ്ഞുള്ള കുറ്റപ്പെടുത്തല്‍ ഏല്‍ക്കേണ്ടിവരുന്നുവെന്നും പറയുന്നു ജിതിന്‍.
'ഞങ്ങള്‍ ചെയ്തുവച്ചത് തീയേറ്ററില്‍ കേള്‍ക്കാന്‍ കഴിയാത്തതിന് കാരണമുണ്ട്'
കുമ്പളങ്ങി നൈറ്റ്‌സ് കാണാന്‍ പോകുന്നവര്‍ ഒന്ന് വായിക്കാമോ? സിനിമയുടെ സൗണ്ട് അറ്റ്‌മോസ് മാസ്റ്ററിംഗ് ചെയ്തിരിക്കുന്നത് 6.4 ആര്‍എംയുവില്‍ ആണ്. 'ചില' ഫിലിം മിക്‌സിംഗ് എഞ്ചിനീയേഴ്‌സ് വളരെ ലൗഡ് ആയി സിനിമകള്‍ മിക്‌സും മാസ്റ്ററിംഗും ചെയ്യുന്നുണ്ട്. ആ സിനിമകള്‍ തീയേറ്ററുകളില്‍ വരുമ്പോള്‍, സ്പീക്കറിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്ന് പ്രൊജക്ഷന്‍ ടെക്‌നീഷ്യന്മാര്‍ തിയേറ്റര്‍ ലെവല്‍ കുറച്ച് വെച്ചിട്ടുണ്ട് ('ചില' മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകള്‍ ഒഴികെ). ഇങ്ങനെ ലെവല്‍ കുറച്ചു വെച്ചിട്ടുള്ള തീയേറ്ററുകളെ മുന്‍നിര്‍ത്തി, അവിടെ നല്ല ലൗഡ് ആയി കേള്‍ക്കുവാന്‍ വീണ്ടും മേല്‍ പറഞ്ഞ 'ചില' മിക്‌സിംഗ് എഞ്ചിനീയര്‍മാര്‍, ലൗഡ് ആയിത്തന്നെ പടങ്ങള്‍ ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സ്റ്റാന്റേര്‍ഡ് ലെവലില്‍ മിക്‌സ് ചെയ്ത് വരുന്ന പടങ്ങള്‍ ഈ തീയേറ്ററുകളിലെത്തുമ്പോള്‍ ശബ്ദം വളരെ കുറവായി വരുന്നു. അപ്പോള്‍ സംഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് സംഭാഷണങ്ങള്‍ മനസ്സിലാവാതെ വരുന്നത്. മറ്റൊരു സങ്കടകരമായ കാര്യം, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ വളരെ സമയമെടുത്ത് കഷ്ടപ്പെട്ട് പല സ്ഥലങ്ങളില്‍ പോയി റേക്കോഡ് ചെയ്ത്, എഡിറ്റ് ചെയ്ത് ഡീറ്റെയ്‌ലിംഗ് ചെയ്ത പല ചെറിയ ചെറിയ ശബ്ദങ്ങള്‍ തീയേറ്ററുകളില്‍ കേള്‍ക്കാതെ പോകുന്നു എന്നുള്ളതാണ്.
ഇന്ന് ഞാന്‍ 'കുമ്പളങ്ങി നൈറ്റ്‌സ്' കാണാന്‍ എസി-4കെ-ഡോള്‍ബി അറ്റ്‌മോസ് സംവിധാനങ്ങളുള്ള ചേര്‍ത്തല പാരഡൈസ് തീയേറ്ററില്‍ പോയി. സിനിമ തുടങ്ങിയപ്പോള്‍ സ്റ്റുഡിയോയില്‍ ഞങ്ങള്‍ വര്‍ക്ക് ചെയതത് പോലെയല്ല തീയേറ്ററില്‍ കേള്‍ക്കുന്നത്. ഡീറ്റെയില്‍ഡ് ആയി ചെയ്ത പല ശബ്ദങ്ങളും കേള്‍ക്കുന്നില്ല, സംഭാഷണങ്ങളുടെ ലെവല്‍ കുറവ്, സറൗണ്ട് സ്പീക്കറുകളുടെ ലെവല്‍ കുറവ്. അപ്പോള്‍ തന്നെ പ്രൊജക്ടര്‍ റൂം ടെക്‌നീഷ്യനെ പോയി കണ്ടു.
'ചേട്ടാ... പടം എത്രയിലാ (level) പ്ലേ ചെയുന്നത്? '?
'4.3'?
'ലെവല്‍ വളരെ കുറവാണ്. കുറച്ച് കൂട്ടാമോ?'?
ചേട്ടന്റെ ഇഷ്ടപ്പെടാത്ത രീതിയിലുള്ള നോട്ടം
' പടത്തിന്റെ സൗണ്ടില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.'
'അതെയോ... അപ്പോള്‍ എത്ര level വെക്കണം?' ?
'ഒരു 5.5 എങ്കിലും വെച്ചാലേ നന്നായി കേള്‍ക്കൂ'
'ശരി'
-ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുന്നു-
ഞാന്‍ തിരിച്ച് തിയേറ്ററില്‍ കേറുന്നത് വളരെ ഹാപ്പി ആയിട്ടാണ്. സ്റ്റുഡിയോയില്‍ എങ്ങനെയാണോ സൗണ്ട് ഡിസൈന്‍ ചെയ്തത്, അതേപോലെ തന്നെ അവിടെ കേള്‍ക്കുന്നു. പല തിയേറ്ററുകളില്‍ നിന്നും ശബ്ദം കുറവാണ് എന്ന പരാതി വരുമ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കാതെ വര്‍ക്ക് മോശമാന്നെന്ന് പറഞ്ഞ് നമ്മളെ കുറ്റപ്പെടുത്താറുണ്ട്. പലപ്പോഴും നിസ്സഹായരായി കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാതെ നിന്നിട്ടുണ്ട്. പടം കാണുമ്പോള്‍ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ പ്രൊജക്ടര്‍ റീമില്‍ ചെന്ന് പറഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കാം. ഒരു സിനിമ നന്നാവുമ്പോള്‍ അതിലെ ദൃശ്യങ്ങള്‍ക്കെന്നപോലെ ശബ്ദത്തിനും വളരെ പ്രധാന്യമുണ്ട്.
പറഞ്ഞുവന്നത്, ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ തീയേറ്റര്‍ ടെക്‌നീഷ്യന്‍സ് സ്റ്റാന്റേര്‍ഡ് ലെവല്‍ പിന്തുടരാന്‍ തയ്യാറാവണം. 'ചില' ഫിലിം മിക്‌സിംഗ് എന്‍ജിനീയര്‍മാര്‍ സ്റ്റാന്റേര്‍ഡ് ലെവലില്‍ മിക്‌സ് ചെയ്യാനും മനസ്സ് കാണിക്കണം. ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ