
പ്രമുഖരുടെ ജീവസുറ്റ മെഴുക് പ്രതിമകള്‍ നിര്‍മ്മിച്ച് മ്യൂസിയങ്ങള്‍ പ്രശംസ നേടുന്നത് പതിവാണ്. സാധാരണ നിലയില്‍ പ്രതിമയേക്കുറിച്ച് പരാതികളും എങ്ങും കാണാറില്ല. എന്നാല്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അനാച്ഛാദനം ചെയ്ത മെഴുക് പ്രതിമ മൂലം പുലിവാല് പിടിച്ച അവസ്ഥയിലാണ് ഫ്രാന്‍സിലെ പ്രശസ്തമായ ഗ്രെവിന്‍ മ്യൂസിയം. മെഴുക് പ്രതിമയുടെ നിറമാണ് ഇവിടെ പ്രശ്നക്കാരനായിരിക്കുന്നത്. ഹോളിവുഡ് താരം ഡ്വയ്ന്‍ ജോണ്‍സനാണ് പ്രതിമയുടെ നിറത്തിന്റെ പേരില്‍ നിര്‍മ്മാതാക്കളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
ടീ ഷര്‍ട്ടും പാന്റും ധരിച്ച് ഗമയില്‍ നില്‍ക്കുന്ന ഡ്വയ്ന്‍ ജോണ്‍സണ് ആവശ്യത്തില്‍ കൂടുതല്‍ വെളുപ്പിച്ചെന്നാണ് പരാതി. സമോവന്‍ ദ്വീപില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനായ ഡ്വയ്ന്‍ ജോണ്‍സണെ ആവശ്യമില്ലാതെ വെളുപ്പിച്ചെന്നാണ് അനാച്ഛാദനം ചെയ്തതിന് പിന്നാലെ വ്യാപകമാവുന്ന ആരോപണം. നിരവധി പേര്‍ നിറം മാറ്റം ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഡ്വയ്ന്‍ ജോണ്‍സണ്‍ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. മ്യൂസിയം അധികൃതരുമായി ബന്ധപ്പെടുമെന്നും കുറച്ച് അത്യാവശ്യ മാറ്റങ്ങള്‍ സ്കിന്‍ ടോണിലടക്കം വരുത്താനുണ്ടെന്നും അതിന് ശേഷം അടുത്ത തവണ ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ പ്രതിമ കാണാന്‍ പോകുമെന്നുമാണ് താരം പ്രതികരിച്ചിട്ടുള്ളത്.
ലണ്ടനിലെയും ന്യൂയോര്‍ക്ക് സിറ്റിയിലേയും മെഴുക് പ്രതിമാ മ്യൂസിയങ്ങള്‍ പോലെ തന്നെ പ്രശസ്തമായ പാരീസിലെ മ്യൂസിയമാണ് വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലെത്തിയിരിക്കുന്നത്. ചാർളി ചാപ്ലിന്‍, നെല്‍സണ്‍ മണ്ടേല, ലിയനാഡോ ഡി കാപ്രിയോ അടക്കമുള്ള സെലിബ്രിറ്റികളുടെ മെഴുക് പ്രതിമകള്‍ തയ്യാറാക്കിയിട്ടുള്ള മ്യൂസിയം ആദ്യമായാണ് ഇത്തരമൊരു തിരുത്തല്‍ ആവശ്യം നേരിടുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റെഫാനി ബാരെറ്റ് എന്ന ശില്‍പിയാണ് പ്രതിമ തയ്യാറാക്കിയിട്ടുള്ളത്. താരത്തെ നേരില്‍ കാണാതെ ചിത്രങ്ങളുടേയും വീഡിയോകളുടേയും സഹായത്തോടെയാണ് പ്രതിമ തയ്യാറാക്കിയതെന്നാണ് മ്യൂസിയം സംഭവത്തേക്കുറിച്ച് തിങ്കളാഴ്ച വിശദമാക്കിയത്.
പ്രതിമയുടെ കണ്ണുകള്‍ മൂന്ന് തവണയാണ് മാറ്റി പണിതതെന്നാണ് ശില്‍പി വിശദമാക്കുന്നത്. ഡ്വയ്ന്‍ ജോണ്‍സന്റെ കൈകളിലെ ടാറ്റൂ ചെയ്ത് എടുക്കാനായി ഏറെ ദിവസം വേണ്ടി വന്നതായും ശില്‍പി പറയുന്നു. ഡബ്ല്യു ഡബ്ല്യു ഇയില്‍ നിരവധി തവണ വിജയി ആയതിന് പിന്നാലെയാണ് ഡ്വയ്ന്‍ ജോണ്‍സണ്‍ അഭിനയത്തിലേക്ക് തിരിയുന്നത്. ഫോബ്സ് കണക്കുകള്‍ അനുസരിച്ച് 2016 മുതല്‍ 2019 വരെയും 2021ലും ഏറ്റവുമധികം പ്രതിഫലം വാങ്ങിയ ഹോളിവുഡ് നടനാണ് ഡ്വയ്ന്‍ ജോണ്‍സണ്‍. സമോവന്‍ ദ്വീപ് നിവാസിയാണ് ഡ്വയ്ന്‍ ജോണ്‍സന്‍റെ അമ്മ. ഡിസ്നിയുടെ അനിമേഷന്‍ ചിത്രമായ മോനയില്‍ പസഫിക് ദ്വീപ് നിവാസി കഥാപാത്രമായ മാവിയെ അവതരിപ്പിച്ചത് ഡ്വയ്ന്‍ ജോണ്‍സണായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ