മുന്നേറ്റം തുടരുമോ മമ്മൂട്ടി? വരാനിരിക്കുന്ന എട്ട് സിനിമകള്‍

By Web DeskFirst Published Jun 20, 2018, 10:30 PM IST
Highlights
  • മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രങ്ങള്‍

ഒരിടവേളയ്ക്ക് ശേഷം ഭൂരിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന ഒരു മമ്മൂട്ടി ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുന്നു. ദി ഗ്രേറ്റ് ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥയൊരുക്കി, നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്‍റെ സന്തതികള്‍. കഴിഞ്ഞ ശനിയാഴ്ച കേരളത്തിലെ തീയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രം  വ്യാഴാഴ്ച യുഎഇയിലും ജിസിസിയിലും പ്രദര്‍ശനം ആരംഭിക്കുകയാണ്. ഒറ്റപ്പെട്ട സാമ്പത്തികവിജയങ്ങള്‍ക്കപ്പുറത്ത് കുറച്ചുനാളായി മമ്മൂട്ടി ചിത്രങ്ങള്‍ ഭൂരിഭാഗം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതില്‍ പരാജയപ്പെട്ടവയാണ്. ഇപ്പോള്‍ അബ്രഹാമിലൂടെയുണ്ടായ നേട്ടം മമ്മൂട്ടിക്ക് തുടരാനാവുമോ എന്നാണ് പ്രേക്ഷകരും ചലച്ചിത്ര വ്യവസായം തന്നെയും ഉറ്റുനോക്കുന്നത്. അത്തരത്തില്‍ പ്രതീക്ഷ വച്ചുപുലര്‍ത്താം എന്നുതന്നെയാണ് സിനിമാമേഖലയില്‍ നിന്നുള്ളവര്‍ കരുതുന്നത്. കാരണം മമ്മൂട്ടി എന്ന നടനെയും താരത്തെയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതൊക്കെ സൂക്ഷിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പ്രോജക്ട് ലൈനപ്പ്. എട്ട് സിനിമകളുടെ ലിസ്റ്റാണ് ചുവടെ. അതില്‍ ചിലത് ചിത്രീകരണം പൂര്‍ത്തിയായതാണ്. ചിലത് ചിത്രീകരണ ഘട്ടത്തിലും മറ്റുചിലത് ആശയ തലത്തിലും ഉള്ളവയാണ്. ഇവയില്‍ പ്രതീക്ഷകളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നവ ഏതൊക്കെയെന്ന് അറിയാന്‍ റിലീസ് വരെ കാത്തിരിക്കേണ്ടിവരും.

പേരന്‍പ്

ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ചിത്രം. ഇനിയും തീയേറ്റര്‍ റിലീസ് നടന്നിട്ടില്ലെങ്കിലും ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍. പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ ഷാങ്‍ഹായ് ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ പ്രീമിയറും നടന്നു. രണ്ടിടത്തും നീണ്ട കരഘോഷങ്ങള്‍ നേടി ചിത്രം. മമ്മൂട്ടിയുടെ അഭിനയമുള്‍പ്പെടെ പ്രശംസിക്കപ്പെട്ടു. അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അഞ്ജലി അമീര്‍, ശരത്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, കനിഹ, സമുദ്രക്കനി, തങ്കമീന്‍കള്‍ ഫെയിം ബേബി സാധന, സിദ്ദിഖ്, അരുള്‍ദോസ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. തേനി ഈശ്വര്‍ ഛായാഗ്രഹണം.

മാമാങ്കം

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയെന്ന് പ്രഖ്യാപനത്തിന്‍റെ വേളയില്‍ മമ്മൂട്ടി പറഞ്ഞ സിനിമയാണ് മാമാങ്കം. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിലൂടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ സജീവ് പിള്ള പൂര്‍ത്തിയാക്കിയത്. വേണു കുന്നംപിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രണ്ട് ഷെഡ്യൂളുകള്‍ മംഗലാപുരത്തും കൊച്ചിയിലുമായി പൂര്‍ത്തിയായി. ഇനി മൂന്ന് ഷെഡ്യൂളുകള്‍ കൂടിയുണ്ട്. തിരുനാവായ മറ്റൊരു ലൊക്കേഷനാണ്. ജിം ഗണേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സ് നിര്‍വ്വഹിക്കുന്നത് ബാഹുബലി ടീമാണ്. വലിയ മുതല്‍മുടക്കിലാണ് ചിത്രത്തിന്‍റെ സെറ്റുകള്‍. വീരയോദ്ധാക്കളായ നായകന്മാരുടെ കഥകളില്‍ മമ്മൂട്ടി മുന്‍പും ശോഭിച്ചിട്ടുണ്ട്. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ ഉദാഹരണം. അക്കൂട്ടത്തിലേക്ക് ഇടംപിടിക്കാനാണ് മാമാങ്കത്തിന്‍റെയും ഒരുക്കം. മമ്മൂട്ടിയെ അഭിനേതാവിനും വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒന്നിലധികം ഗെറ്റപ്പുകള്‍ ഉള്ളതായും അറിയുന്നു. ചിത്രം ഈ വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി.

ഉണ്ട

പ്രഖ്യാപനസമയത്ത് പേരിലൂടെ ശ്രദ്ധ പിടിച്ച ചിത്രം. അനുരാഗ കരിക്കിന്‍വെള്ളം എന്ന വിജയചിത്രം ഒരുക്കിയ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായപ്പോഴും വന്‍ വിജയങ്ങള്‍ മാത്രം സ്വന്തമായുള്ള അന്‍വര്‍ റഷീദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നക്‍സല്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്‍റേതെന്നാണ് വിവരം. കേരളത്തിന് പുറത്താവും ചിത്രീകരണം. 

യാത്ര

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം. മഹി പി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക നയന്‍താര. വൈഎസ്ആറിന്‍റെ 1999 മുതല്‍ 2004 വരെയുള്ള ജീവിതകാലത്തിലേക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഒരുക്കുന്ന മറ്റൊരു കഥാപാത്രമാകുമെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു.

ബിലാല്‍

മലയാളത്തിലെ പോപ്പുലര്‍ സൂപ്പര്‍താര സിനിമകളുടെ ഫോര്‍മാറ്റിലേക്ക് പുതിയ ഭാവുകത്വം കൊണ്ടുവന്ന സിനിമ. തീയേറ്ററിലെത്തിയപ്പോള്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദനത്തിന് പ്രാപ്യമായില്ലെങ്കിലും പില്‍ക്കാലത്ത് ഒരുതരം കള്‍ട്ട് സ്റ്റാറ്റസ് നേടി. അമല്‍ നീരദിന്‍റെ അരങ്ങേറ്റചിത്രമായ ബിഗ് ബിയുടെ സീക്വലാണ് ബിലാല്‍. തീയേറ്ററില്‍ കാലത്തിന് മുന്നേ എത്തിയ ബിഗ് ബിയിലെ നായകന്‍ റിയലിസം സ്വീകരിക്കപ്പെടുന്ന കാലത്ത് പുനരവതരിക്കുമ്പോള്‍ എങ്ങനെയുണ്ടാവുമെന്നത് കൗതുകമാണ്. അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.

വൈശാഖ് ചിത്രം

പുലിമുരുകന്‍റെ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ വൈശാഖ് അനൗണ്‍സ് ചെയ്ത പല പ്രോജക്ടുകളില്‍ ഒന്നാണ് മമ്മൂട്ടിയുടെ രാജ 2. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കിയ പോക്കിരിരാജയിലൂടെ സംവിധാനരംഗത്തേക്ക് വന്നയാളാണ് വൈശാഖ്. പോക്കിരിരാജയില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തിന്‍റെ തുടര്‍ച്ചയാണ് പുതിയ ചിത്രമെന്നും അല്ലാതെ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ലെന്നും അനൗണ്‍സ്‍മെന്‍റ്  സമയത്ത് വൈശാഖ് പറഞ്ഞിരുന്നു. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും കാലത്തിനൊപ്പം മാറുമെന്നും കൂടുതല്‍ ചടുലവും സാങ്കേതികമികവ് നിറഞ്ഞതായിരിക്കുമെന്നും വാഗ്‍ദാനം.

കുട്ടനാടന്‍ ബ്ലോഗ് 

സേതുവിന്‍റെ തിരക്കഥ, സംവിധാനം. പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ ഒരു ബ്ലോഗെഴുത്തുകാരന്‍റെ കഥ പറയുന്നു. ഹരി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. കോഴിത്തങ്കച്ചന്‍ എന്നായിരുന്നു ചിത്രത്തിന് നേരത്തേ ഇട്ടിരുന്ന പേര്. അനു സിത്താര, ഷംന കാസിം എന്നിവര്‍ നായികമാര്‍. പൂര്‍ണമായും സിങ്ക് സൗണ്ടില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.

അന്‍വര്‍ റഷീദ് ചിത്രം

മമ്മൂട്ടിയെ നായകനാക്കി അരങ്ങേറിയ സംവിധായകനാണ് അന്‍വര്‍ റഷീദും. 2005 ല്‍ പുറത്തെത്തിയ രാജമാണിക്യം കൂടാതെ 2008ല്‍ റിലീസ് ചെയ്ത അണ്ണന്‍ തമ്പിയും ഈ ടീമിന്‍റേതായി ഉണ്ട്. മമ്മൂട്ടിക്കൊപ്പം ഇനിയൊരു സിനിമ എന്നെന്ന ചോദ്യം അന്‍വര്‍ അഭിമുഖങ്ങളില്‍ സ്ഥിരം നേരിടുന്നതാണ്. അത്തരമൊരു ആലോചന സജീവമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംവിധാനം ചെയ്യുന്ന ട്രാന്‍സിന്‍റെ തിരക്കുകളിലാണ് ഇപ്പോള്‍ അന്‍വര്‍. അതിനുശേഷം മമ്മൂട്ടി ചിത്രത്തിന്‍റെ കൂടുതല്‍ ആലോചനകളിലേക്കും പ്രോജക്ട് ഡിസൈനിങ്ങിലേക്കും കടന്നേക്കും.

click me!