
ബിഗ് ബോസ് മലയാളം സീസണ്‍ വിജയകരമായി സമാപിക്കുമ്പോള്‍ അവതാരകനെന്ന നിലയില്‍ മിനിസ്ക്രീനിലും തന്‍റെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കിനിടയിലും ബിഗ് ബോസ് പോലൊരു പരിപാടിക്ക് സമയം കണ്ടെത്തി പങ്കെടുക്കാനുള്ള കാരണങ്ങളും തന്‍റെ ബിഗ് ബോസ് അനുഭവങ്ങളും ലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പങ്കുവയ്ക്കുന്നു..
ഇതിനു മുന്‍പും പലതരം ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും എന്നെ എക്സൈറ്റ് ചെയ്യുന്ന കാര്യങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ബിഗ് ബോസ് വേറിട്ടൊരു ആശയമായി തോന്നി. ഇതൊരു റിയാലിറ്റി ഷോ എന്നതിനപ്പുറം ഒരു മൈന്‍ഡ് ഗെയിമാണ്. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വയം തിരിച്ചറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തവര്‍ പുറത്തിറങ്ങിയ ശേഷം ഇതുവരെയുള്ള എപ്പിസോഡുകൾ കാണുമ്പോൾ അവര്‍ക്ക് സ്വയം തിരിച്ചറിയാൻ സാധിക്കും. ഇതൊരു ടിവി പ്രോഗം ആയതു കൊണ്ട് നമ്മുക്ക് ഏതാനും മണിക്കൂറുകള്‍ മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കൂ. മുഴുവനും കാണിച്ചാല്‍ ഒരു പക്ഷേ അവര്‍ തന്നെ ഞെട്ടിപ്പോകും. ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകള്‍ അത്ര കണ്ട് ഈ പരിപാടി പുറത്തു കൊണ്ടു വരുന്നുണ്ട്.
ബിഗ് ബോസിന് അകത്തുള്ളവര്‍ ഒരു പ്രത്യേക തരം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അംഗങ്ങൾക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അവര്‍ക്ക് പരിമിതിയുണ്ട് വ്യത്യസ്തമായ പലതരം മാനസിക വികാരങ്ങളാണ് അവര്‍ക്ക്. ഈ പതിനാറ് പേരുടെ മാനസികവികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിച്ചുവെന്നതാണ് ഇതില്‍ എനിക്ക് എനര്‍ജി നല്‍കുന്ന കാര്യം.കൂടെയുള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അവരെക്കുറിച്ച് നമ്മുക്കൊരു കരുതലുണ്ടാവില്ലേ അതു പോലെയാണ് ഇതും. തീര്‍ച്ചയായും ഇതൊരു ഗെയിമാണ് പക്ഷേ ഒരു ഘട്ടം കഴിയുന്പോള്‍ അതിന്‍റെ സ്വഭാവം മാറിതുടങ്ങും. സുരേഷിന്‍റേയും ഷിയാസിന്‍റേയും കാര്യത്തില്‍ അവര്‍ക്ക് എപ്പോഴും പ്രൊത്സാഹനം ആവശ്യമാണ്. തോളത്തൊരു തട്ടു കൊടുത്താലേ അവര്‍ കൂടുതല്‍ മുകളിലേക്ക് കയറി ചെല്ലൂ.. ഹൗസിലുള്ള മറ്റുള്ളവരോട് ആ കരുതല്‍ ഇല്ലെന്നല്ല പക്ഷേ അവര്‍ക്കെല്ലാം സ്വയം കരുതലെടുക്കാനും സാഹചര്യങ്ങളെ അതിജീവിക്കാനും ഇവരേക്കാള്‍ കരുത്തുണ്ട്..
(ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് വേണ്ടി മോഹന്‍ലാലുമായി സുനിതാ ദേവദാസ് നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കും)
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ