
മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ വരെ തന്റെ സാന്നിധ്യമറിയിച്ച് താരമാവുകയാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് ഏഴു വര്‍ഷം തികയ്ക്കുകയാണ്. അഭിനയത്തിന്റെ ഏഴാം വര്‍ഷത്തിൽ നില്‍ക്കുമ്പോള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകരോട് നന്ദി പറയുകയാണ് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ ആരാധകരോട് നന്ദിയും സ്നേഹവും അറിയിച്ചത്.
ദുൽഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;-
‘എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ആദ്യ ചിത്രമായിട്ടും പക്ഷേ പേര് 'സെക്കന്‍ഡ് ഷോ' എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് അനുഭവിച്ച അത്രയും ഭയം ഒരിക്കൽപോലും ഞാനെന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പലത്തരത്തിലും അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി വയ്ക്കുന്നത് എനിക്കൊരിക്കലും താങ്ങാനാവില്ലെന്ന തോന്നലായിരുന്നു. അതിനേക്കാൾ ഉപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കൽപോലും നാണക്കേടാവരുതെന്നും.
എന്നാല്‍ ആ സിനിമയോട് ‘യെസ്’ പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി. ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തി. ആ വര്‍ഷം എന്റെ ജീവിതം മുഴുവന്‍ മാറിമറഞ്ഞു. ഒരുപക്ഷേ, നക്ഷത്രങ്ങളെല്ലാം അണിനിരന്നതായിരിക്കാം. എല്ലാം എഴുതപ്പെട്ടതായിരിക്കാം. ഇതെല്ലാം നിയോഗമായിരിക്കാം. ഒരുപക്ഷേ ഇതെല്ലാം ദൈവത്തിന്റെ ആഗ്രഹവുമായിരിക്കാം.
എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്, സുഹൃത്തുക്കള്‍ക്ക്, മലയാള സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും മലയാള സിനിമയോടുള്ള സ്‌നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത അന്യ ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും, എല്ലാറ്റിനും ഉപരി സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്, അവരുടെ അവസാനിക്കാത്ത സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ തല കുനിക്കുക. ഇതാ അടുത്ത വര്‍ഷത്തിലേക്ക് കടക്കുന്നു,’ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ എറണാകുളത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
സലീം കുമാര്‍, സൗബിന്‍ സാഹിര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, രമേഷ് പിഷാരടി തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവ്. എഡിറ്റിങ്ങ് ജോണ്‍ കുട്ടി. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ