നികുതി വെട്ടിപ്പ്: ഫഹദ് ഫാസില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

By Web DeskFirst Published Dec 17, 2017, 4:03 PM IST
Highlights

ആലപ്പുഴ : പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയ സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കയാണ് ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഫഹദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. 

നികുതി ലാഭിക്കുന്നതിന് പോണ്ടിച്ചേരിയില്‍ വാഹനരജിസ്ട്രേഷന്‍ നടത്തിയ സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഫഹദ് കേരളത്തില്‍ നികുതി അടച്ചിരുന്നു. 17.68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍ടി ഓഫീസില്‍ മാനേജര്‍ വഴി ഫഹദ് നികുതി അടച്ചത്. ഫഹദിന്‍റെ 70 ലക്ഷം രൂപ വിലയുള്ള മേഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോണ്ടിച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.

പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ നടന്‍ സുരേഷ് ഗോപിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. 

വ്യാജരേഖകള്‍ ഉപയോഗിച്ച് ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന പരാതിയില്‍ നടി അമലാ പോളിനും മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു

click me!