
താന്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളോ അവാര്‍ഡോ പ്രതീക്ഷിക്കുന്നില്ലെന്നും നല്ലതെന്നു തോന്നുന്ന സിനിമകളില്‍ അഭിനയിക്കുകയാണ് ചെയ്യുന്നതെന്നും ഫഹദ്. സിനിമയ്ക്കായോ, കഥാപാത്രത്തിനായോ മാനസികമായ തയ്യാറെടുപ്പുകളൊന്നും നടത്താറില്ലെന്നും ഫഹദ് പറയുന്നു. ട്രിവാന്‍ഡ്രം ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു തയ്യാറെടുപ്പുമില്ലാതെയാണ് അഭിനയിക്കാന്‍ പോവുന്നത്. അതാകുമ്പോള്‍ സിനിമ കാണുന്ന ഒരാള്‍ക്കുണ്ടാകുന്ന അതേ ആകാംക്ഷ തന്നെയാണ് അഭിനയിക്കുന്നതുവരെ നമുക്കും ഉണ്ടാവുക. കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്തിനോടും സംവിധായകനോടും സംസാരിക്കും എന്നതാണ് എന്‍റെ തയ്യാറെടുപ്പുകള്‍. പക്ഷെ, മറ്റു ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഒരു കഥാപാത്രത്തിന് സിക്സ് പാക്ക് വേണമെങ്കില്‍ അതിന് തയ്യാറായേ തീരു. ഒരു സിനിമയും അഭിനയിക്കുന്നത് അത് ബ്ലോക്ക് ബസ്റ്ററാകുമെന്നോ, അതിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്നോ കരുതിയല്ല- ഫഹദ് പറയുന്നു.
ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് പകരം അവനവന്‍ ആഗ്രഹിക്കുന്ന, വിശ്വസിക്കുന്ന, നിലപാടുകളുള്ള സിനിമ ചെയ്യുന്ന സംവിധായകരാണിപ്പോഴുള്ളത്. അത്തരം ടീമിന്‍റെ കൂടെ അഭിനയിക്കുന്നത് കൂടുതല്‍ സന്തോഷമാണെന്നും, ഇപ്പോള്‍ ടീം ഏതാണെന്ന് ശ്രദ്ധിക്കാറുണ്ടെന്നും ഫഹദ് സമ്മതിക്കുന്നു. 'ഇപ്പോള്‍, കുറച്ചുകൂടി എന്നെ മനസിലാവുന്ന, അറിയാവുന്നവരുടെ കൂടെ സിനിമ ചെയ്യുന്നതാണ് സന്തോഷം. കാരണം, അവരെന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്കും, എനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്കും നന്നായി അറിയാം. അത് ജോലി എളുപ്പമാക്കും. അമല്‍ നീരദിന്‍റെയും ദിലീഷ് പോത്തന്‍റെയും സിനിമകളില്‍ മാത്രമാണ് ഞാന്‍ ആവര്‍ത്തിച്ച് അഭിനയിച്ചത്. അവര്‍ക്കെന്നെ നന്നായി ഉപയോഗിക്കാന്‍ പറ്റുമെന്ന് തോന്നിയിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സാറിന്‍റെ കൂടെ ഒരു സിനിമ അടുത്തതായി ചെയ്യുന്നുണ്ട്. '- ഫഹദ് പറയുന്നു.
അന്‍വര്‍ റഷീദിന്‍റെ ട്രാന്‍സ് ഇതുവരെ കാണാത്ത തരത്തിലുള്ള സിനിമയായിരിക്കും. 'അറുപത് എഴുപത് ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായിരിക്കും അത്. അതിറങ്ങിക്കഴിഞ്ഞാലേ അതിലെങ്ങനെ ഞാന്‍ അഭിനയിച്ചൂവെന്നെനിക്ക് പറയാന്‍ കഴിയൂ. റിലീസിന് ഒരു ദിവസം മുമ്പൊക്കെയാണ് ഞാനതിനെക്കുറിച്ച് ആലോചിക്കാറ്. ഒരു കാര്യത്തില്‍ ഉറപ്പു പറയാന്‍ കഴിയും. ഇങ്ങനെയൊരു സിനിമ ഇതിനു മുമ്പ് പ്രേക്ഷകര്‍ കണ്ടുകാണില്ലെന്നും ഫഹദ് പറഞ്ഞു.
നസ്റിയയുടെ തിരിച്ചുവരവ് സന്തോഷം
മലയാള സിനിമയിലിത് മാറ്റത്തിന്‍റെ നാളുകളാണെന്നും ഫഹദ് സമ്മതിക്കുന്നു. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'തൊണ്ടിമുതലും ദൃസാക്ഷിയും' എന്ന സിനിമയെ കുറിച്ചുള്ള ചോദ്യത്തിനാണ് ഫഹദിന്‍റെ മറുപടി. 'ഞാന്‍ കരുതുന്നത് ഇതെന്‍റെ മൂന്നാമത്തെയോ നാലാമത്തെയോ അവാര്‍ഡാണ്. എനിക്കതില്‍ വളരെ സന്തോഷമുണ്ട്. അത്തരമൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിലും ഞാന്‍ സന്തോഷവാനാണ്. എനിക്കത് എങ്ങനെ പ്രകടിപ്പിക്കണമെന്നോ ആഘോഷിക്കണമെന്നോ അറിയില്ല. അത്തരം സിനിമകള്‍ വിജയിപ്പിക്കാന്‍ കൂടെ നിന്ന ഓരോരുത്തരെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്.
സത്യസന്ധമായിപ്പറഞ്ഞാല്‍ തൊണ്ടിമുതല്‍ എന്ന സിനിമ പുതിയൊരു അനുഭവമാണ്. അതവതരിപ്പിച്ച രീതിയിലോരോന്നിലും പുതുമയുണ്ട്. 90 ശതമാനവും യഥാര്‍ത്ഥത്തിലുള്ള മനുഷ്യരാണ് അതിലഭിനയിച്ചത്. ഉദാഹരണത്തിന് പൊലീസുകാരൊക്കെ. അതേ തൊഴില്‍ ചെയ്യുന്നവരില്‍ നിന്നാണ് അഭിനയിക്കാന്‍ ആളുകളെ തെരഞ്ഞെടുത്തത്. പൊലീസ് സ്റ്റേഷന് സമീപത്തെ കടയിലുള്ളവരൊക്കെ ശരിക്കും അവിടെ കട നടത്തുന്നവര്‍ തന്നെയാണ്. '
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമാണ് നസ്റിയയുടെ തിരിച്ചുവരവ്. തന്‍റെ സ്വകാര്യമായ സന്തോഷവും ആകാംക്ഷയും അതിലുണ്ട്. ജോലിയില്‍ മിടുക്കിയായിരുന്ന ഒരുവള്‍ അവളുടെ ജോലിയിലേക്ക് തിരിച്ചു ചെല്ലുന്നത് കാണാന്‍ ഇഷ്‍ടപ്പെടുന്ന ആളാണ് ഞാന്‍. എനിക്കൊരു കുടുംബമുണ്ടാക്കാന്‍ വേണ്ടിയോ എന്നെ കെയര്‍ ചെയ്യാന്‍ വേണ്ടിയോ ആണ് അവളിതുവരെ സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഞാന്‍ മുമ്പ് പറഞ്ഞിരുന്നു, നസ്റിയ ജോലി ചെയ്യുകയും കാര്യങ്ങളൊക്കെ നോക്കുകയും ചെയ്യുമെങ്കില്‍ വീട്ടിലിരിക്കാനും എനിക്ക് സന്തോഷമാണെന്ന്. അത് ഞങ്ങള്‍ക്കിടയിലുള്ള പരസ്പരം മനസിലാക്കലാണ്. എനിക്ക് ജോലി ചെയ്യണമെന്ന് തോന്നിയാല്‍ ഞാനും അവള്‍ക്ക് ജോലി ചെയ്യണമെന്ന് തോന്നിയാല്‍ അവളും ജോലി ചെയ്യും. പിന്നെ, നമുക്ക് മാത്രമായുള്ള സമയം പരസ്പരം കണ്ടെത്തുകയും യാത്ര ചെയ്യുകയും ചെയ്യുമെന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഒന്നും പ്ലാന്‍ ചെയ്യുന്നതല്ല. എല്ലാം അങ്ങ് നടന്നുപോവുകയാണ്- ഫഹദ് പറയുന്നു,
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ