മക്കളുടെ ശീലങ്ങളെ കുറിച്ച് സിന്ധു.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്‍ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്‍ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. പൊതുപ്രവർത്തനവുമായി കൃഷ്‍ണകുമാർ തിരക്കിലാണെങ്കിലും ഭാര്യ സിന്ധു കൃഷ്‍ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. സിന്ധു കൃഷ്‍ണ യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്ന വ്ളോഗുകൾക്കും നിരവധി ആരാധകരുണ്ട്. തന്റെയും മക്കളുടെയും ഭക്ഷണശീലങ്ങളെക്കുറിച്ച് സിന്ധു സംസാരിക്കുകയാണ് അത്തരത്തിൽ. ഇന്‍സ്റ്റഗ്രാമിലൂടെയായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

''ഭക്ഷണകാര്യത്തിൽ അമ്മുവും (അഹാന) ഞാനും ഒരുപോലെയാണ്. അമ്മു ഫുഡിയാണ്. വീട്ടിലെ എന്ത് ഫുഡും മിണ്ടാതെ കഴിക്കും. നല്ല കറികളൊക്കെ തീര്‍ന്നാലും ഇരുന്ന് കഴിച്ചോളും. പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും ഇഷ്ടമാണ്. എവിടെയെങ്കിലും പോയാല്‍ അവിടുത്തെ സ്‌പെഷ്യലായിട്ടുള്ള ഫുഡ് കഴിക്കണം. ഫുഡ് ഭയങ്കര വീക്ക്‌നെസാണ്.

ഓസിക്ക് (ദിയ) കുഞ്ഞിലേ തന്നെ ഫുഡ് കഴിക്കാന്‍ മടിയായിരുന്നു. ചോറും മീന്‍കറിയും ഇഷ്ടമാണ്. ഒരുപാട് കറികള്‍ കൂട്ടി കഴിക്കാനൊന്നും ഇഷ്ടമില്ല. ജങ്ക് ഫുഡിനോട് താല്‍പര്യമാണ്. ഞാനും ഓസിയും അഭിപ്രായവ്യത്യാസം വരുന്നതും അക്കാര്യത്തിലാണ്. ഓസി വീട്ടിലുള്ളപ്പോള്‍ സ്വിഗിക്കാര്‍ വന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ പുറത്ത് നിന്ന് വാങ്ങിച്ചിട്ട് വരും.

ഇഷാനിയും ഓസിയെപ്പോലെ ഫുഡ് സെലക്ടീവായി കഴിക്കുന്ന ആളാണ്. കഴിക്കാന്‍ വിളിച്ചില്ലെങ്കില്‍ അത്രയും സന്തോഷം. ഫ്രൈഡ്‌റൈസ് വാങ്ങിച്ചാല്‍ പച്ചക്കറികൾ പെറുക്കി വെക്കുമായിരുന്നു. എനിക്ക് വെജിറ്റബിള്‍സ് ഇഷ്ടമല്ലെന്ന് പറയുമായിരുന്നു. ഇപ്പോള്‍ കറക്റ്റ് ഡയറ്റൊക്കെ നോക്കിയാണ് കഴിക്കുന്നത്. വെജിറ്റബിള്‍സൊക്കെ കഴിക്കും. ജിമ്മില്‍ പോവാന്‍ തുടങ്ങിയതോടെ ഹെല്‍ത്തി ഡയറ്റ് ഫോളോ ചെയ്യുന്നുണ്ട്. ഹന്‍സു ചെറുപ്പത്തില്‍ ഫുഡ് ചോദിച്ച് കഴിക്കുമായിരുന്നു. എരിവുള്ള ഭക്ഷണമാണ് താല്‍പര്യം. ഒത്തിരി കറികളൊന്നും ഇഷ്ടമില്ല. രാത്രിയില്‍ കഞ്ഞിയാണ് ഇഷ്ടം'', സിന്ധു കൃഷ്‍ണ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക