
നീണ്ട 33 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുന്നിലേക്ക്! മോഹന്‍ലാലിനൊപ്പം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയസംവിധായകന്‍. അഭിനയിക്കുന്നത് പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലും. ഇക്കാര്യം ഫാസില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചു.
"33 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ഇതിനുമുന്‍പ് ഒരു സിനിമയില്‍ അഭിനയിച്ചത്. 1984ല്‍ ഞാന്‍തന്നെ സംവിധാനം ചെയ്‍ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍. അതിലും മോഹന്‍ലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന പ്രത്യേകതയുണ്ട്.." എന്നാല്‍ ലൂസിഫറിലേത് ഒരു ചെറിയ കഥാപാത്രമാണെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്‍റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
മലയാളസിനിമയിലെ ഒട്ടേറെ സവിശേഷതകളുള്ള സംവിധായകന്‍-നടന്‍ ബന്ധമാണ് ഫാസിലും മോഹന്‍ലാലും തമ്മില്‍. ഇരുവരുടെയും അരങ്ങേറ്റചിത്രം ഒരുമിച്ചായിരുന്നു. 1980ല്‍ പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് ഇരുവരുടെയും തീയേറ്ററുകളിലെത്തിയ ആദ്യ ചിത്രം. സിനിമ സൂപ്പര്‍ഹിറ്റായതോടെ സമാന്തരമായി ഇരുവരും മലയാളസിനിമയില്‍ പതിയെ ചുവടുറപ്പിച്ച് തുടങ്ങി. മലയാളത്തില്‍ ഫാസില്‍ ആകെ സംവിധാനം ചെയ്‍ത 20 ചിത്രങ്ങളില്‍ ഒന്‍പതെണ്ണത്തിലും മോഹന്‍ലാല്‍ അഭിനയിച്ചു. ലാലിന്‍റെ കരിയറിലെ ചില പ്രധാന സിനിമകളൊക്കെ അക്കൂട്ടത്തില്‍പ്പെടും. എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ് എന്നിവയൊക്കെ പലകാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. 2004ല്‍ പുറത്തെത്തിയ വിസ്മയത്തുമ്പത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
അതേസമയം ലൂസിഫറിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‍റോയ് ആണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, സായ്‍കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിങ്ങനെ വന്‍ താരനിരയാണ് പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍. കുട്ടിക്കാനത്തും വണ്ടിപ്പെരിയാറിലുമാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍. മുംബൈയും തിരുവനന്തപുരവും മറ്റ് ലൊക്കേഷനുകള്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ