ബാഹുബലി 2 ഹിന്ദുത്വ പടമെന്ന് നിരൂപണം: നിരൂപണം നടത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സംഭവിച്ചത്

By Web DeskFirst Published Apr 30, 2017, 11:49 AM IST
Highlights

മുംബൈ: രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശരാശരി റേറ്റിംഗ് നല്‍കിയ പ്രശസ്ത സിനിമാ നിരൂപകയും മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അന്ന എംഎം വെട്ടിക്കാടിന് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി. ബാഹുബലി ഹിന്ദുത്വയുടെ പ്രതീകമാണെന്നും അന്ന ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുമായതിനാലാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നുമാണ് ട്രോള്‍ ഭീഷണികള്‍. തനിക്ക് ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്ന ട്രോളുകള്‍ അന്ന തന്നെ പങ്കുവച്ചിട്ടുമുണ്ട്.

ഫസ്റ്റ്പോസ്റ്റ് എന്ന സൈറ്റില്‍ എഴുതിയ നിരൂപണത്തില്‍ ബാഹുബലിക്ക് അന്ന 2.5/5 മാര്‍ക്കാണ് നല്‍കിയത്. ആദ്യചിത്രം പോലെ തന്നെ ദൃശ്യവിസ്മയത്തിന്റെ വന്‍ ക്യാന്‍വാസില്‍ മിത്തുകളും കൊട്ടാര ഗൂഡാലോച്ചനകളും ഒക്കെ ചേര്‍ന്ന അമര്‍ ചിത്രകഥാ സ്റ്റൈലാണ് ബഹുബലി എന്ന് അന്ന പറയുന്നു. ആദ്യ ഭാഗത്തിലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയുള്ള ദൃശ്യങ്ങള്‍ ഇല്ലെങ്കില്‍ പോലും കോസ്റ്റ്യൂമുകളും ആഡംബരം നിറഞ്ഞ കൊട്ടാര അകത്തളങ്ങളും പുതിയ സ്റ്റണ്ട് മാതൃകകളും കണ്ണിന് വിരുന്നാണെന്നും അവര്‍ പറയുന്നു.

ഏതാനും കഥാപാത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മിക്കവരുടെയും അഭിനയം വളരെ മോശമാണെന്നും ഏറ്റവും മോശം പ്രകടനത്തിനുള്ള പുരസ്കാരം പോലും ലഭിച്ചേക്കുമെന്നും അവര്‍ പറയുന്നു. അന്നയുടെ റിവ്യൂ പുറത്തു വന്നതോടെ അവര്‍ക്കെതിരെ ട്രോളുകളും ആരംഭിച്ചു. മികച്ച സ്റ്റണ്ടും ദൃശ്യങ്ങളും ദാരുണമായ അഭിനയവും പൊതിഞ്ഞുപറയുന്ന യാഥാസ്ഥിതികതയും ചേര്‍ന്നതാണ് ബാഹുബലിയെന്ന് അവര്‍ പറഞ്ഞതിനോടാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നത്.

ഹിന്ദു ആചാരങ്ങളെ ഇതില്‍ ഇകഴ്ത്തിക്കാണിക്കാതെ അവയെ ആഘോഷിക്കുന്ന ഈ ചിത്രം കാണാന്‍ അന്ന എത്രമാത്രം ബുദ്ധിമുട്ടിയിരിക്കും എന്നായിരുന്നു ഒരു പ്രതികരണം. ഈ ദിവസങ്ങളില്‍ ഒരു സിനിമാ നിരൂപണത്തിന് ലഭിക്കുന്ന പ്രതികരണം ഇങ്ങനെ ആയിരിക്കും എന്നത് ഞാന്‍ ആവര്‍ത്തിക്കുന്നു എന്ന് അന്ന തന്നെ റീട്വീറ്റ് ചെയ്തിരിക്കുന്നു.

ക്ഷത്രിയര്‍ ഈ മായാലോകം ഭരിക്കുന്നത് നിരൂപകയ്ക്ക് സഹിക്കുന്നില്ലെന്നും പകരം മറ്റ്മതക്കാര്‍ ആയാല്‍  അവര്‍ അംഗീകരിച്ചേനെ എന്നാണ് മറ്റൊന്ന്. ഹിന്ദുയിസം ഇത്ര ആഡംബരത്തില്‍ കാണിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അതിനാലാണ് ഇത്തരം പ്രതികരണം എന്നുമാണ് മറ്റൊരു ട്വീറ്റ്.

ബാഹുബലി ഹിന്ദു അനുകൂല സിനിമയായതിനാല്‍ അന്നയില്‍ നിന്ന് നെഗറ്റീവ് റിവ്യൂ മാത്രമേ പ്രതീക്ഷിക്കുന്നുള്ളു എന്നും പകരം ഉറുദു-ബോളിവുഡ് സിനിമ കാണാന്‍ പോയാല്‍ മതി എന്നാണ് മറ്റൊരു ട്വീറ്റ്. ഈ സിനിമ 1000 കോടിക്ക് മേല്‍ നേടുമെന്നും ഇതുവഴി ബോളിവുഡിലെ ഉറുദു ഖാന്‍മാരുടെ മേധാവിത്തം അവസാനിപ്പിക്കുമെന്നും മറ്റൊരു ട്വീറ്റ്. ദാവൂദിന്റെ സഹോദരി, കസബ് എന്നിവരെക്കുറിച്ച് ബോളിവുഡ് സിനിമ നിര്‍മിക്കട്ടെയെന്നും ആ ട്വീറ്റില്‍ പറയുന്നു.

ഹിന്ദുക്കളെയും ഹിന്ദുയിസത്തേയും അവമതിക്കുന്നത് ഇപ്പോള്‍ ഫാഷന്‍ ആയിട്ടുണ്ടെന്നും ചിലര്‍ അതില്‍ അഭിമാനം കൊള്ളുന്നുവെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. ഒരു സിനിമ റിവ്യൂവിനോട്‌ പ്രതികരിക്കാനുള്ള വഴി, ആ സിനിമയ്ക്ക് ഒരു മതത്തിന്‍റെ പരിവേഷം കല്‍പ്പിച്ച് നല്‍കുക എന്നിട്ട് ആക്രമിക്കുക എന്നായിട്ടുണ്ടെന്ന് ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് അന്ന പറയുന്നു.

click me!