'ലോങ് ഡോക്യുമെന്‍ററി ഓസ്‍കറിന് അയയ്ക്കുന്നവരോട്'; ചലച്ചിത്ര അക്കാദമിയുടെ 'വാഗ്ദാന'ത്തെ വിമര്‍ശിച്ച് സിനിമാപ്രവര്‍ത്തകര്‍

By Web DeskFirst Published Jul 18, 2018, 7:26 PM IST
Highlights
  • മേള ഈ മാസം 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് 

20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം മേളയുടെ സംഘാടകരായ ചലച്ചിത്ര അക്കാദമിയ്ക്ക് വിമര്‍ശനവുമായി ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍. മേളയിലെ മികച്ച ലോങ് ഡോക്യുമെന്‍ററിക്ക് ഓസ്കര്‍ പുരസ്കാരങ്ങളുടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കുമെന്ന് അക്കാദമി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഈ വാഗ്ദാനത്തെ ചോദ്യം ചെയ്യുകയാണ് കെ ആർ മനോജ്, ബാബു കാമ്പ്രത്ത്, ഷൈനി ജേക്കബ് ബെഞ്ചമിൻ, അനീസ് കെ മാപ്പിള, അശ്വിൻ കൃഷ്ണകുമാർ, ഷിജിത് വി പി, പ്രതാപ് ജോസഫ് എന്നിവര്‍. 'കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗങ്ങള്‍ക്കുള്ള തുറന്ന കത്ത്' എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് സിനിമാപ്രവര്‍ത്തകര്‍ അക്കാദമിയെ വിമര്‍ശിക്കുന്നത്.


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗങ്ങള്‍ക്കുള്ള തുറന്ന കത്ത്  

പ്രിയരേ, പതിനൊന്നാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം മേളയുടെ മുന്നോടിയായി ഇന്നലെ അക്കാദമി ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ  വെളിപ്പെടുത്തിയ ചില 'കനപ്പെട്ട' ആകർഷണങ്ങൾ ആണ് ഞങ്ങളെ ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്. മേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിയെ നേരിട്ട് ഓസ്കർ മത്സരവേദിയിൽ എത്തിക്കും എന്ന പ്രസ്താവന ഞങ്ങൾക്കുണ്ടാക്കിയ അത്ഭുതം പറഞ്ഞറിയിക്കാതെ വയ്യ. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‍സിന്‍റെ നേരിട്ടുള്ള റിക്രൂട്ടിങ് ഏജൻസി ആയി  സംസ്ഥാന ചലച്ചിത്ര അക്കാദമി (കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേള) മാറിയ വിവരം ഞങ്ങളിൽ ഉണ്ടാക്കിയ ആശ്ചര്യവും അങ്കലാപ്പും ഒപ്പം പങ്കുവയ്ക്കുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്ന ചിത്രത്തിന് അവിടെ മത്സരിക്കാനുള്ള ചെല്ലും ചെലവും അക്കാദമി നൽകും എന്നു ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. മുൻപ് ഇവിടെനിന്ന് ഓസ്‍കർ മത്സരത്തിന് പോയ ചില ഫീച്ചർഫിലിം നിർമ്മാതാക്കൾ മത്സരം കഴിഞ്ഞ് സാമ്പത്തികമായി തരിപ്പണമായിപ്പോയ കാഴ്ചയാണ് ഞങ്ങളുടെ അങ്കലാപ്പിന് ഒരു കാരണം. ഫീച്ചർ ഫിലിം നിർമ്മാതാക്കളുടെ ഗതി അതാണെങ്കിൽ ഞങ്ങൾ ഡോക്യുമെന്ററിക്കാരുടെ അവസ്ഥ എന്താവും!

ഒരു വർഷം ലോകത്തെമ്പാടും സൃഷ്ടിക്കപ്പെടുന്ന എണ്ണമറ്റ നോൺ ഫീച്ചറുകളിൽ നിന്നും തങ്ങൾക്ക് വേണ്ടവ തരപ്പെടുത്താനുള്ള ചുളുവഴിയാണ് അമേരിക്കൻ അക്കാദമി നടത്തുന്നതെന്ന് ചില ദോഷൈകദൃക്കുകൾ പറഞ്ഞുനടപ്പുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടേത് ഒരു വലതുപക്ഷ വ്യതിയാനം ആണെന്നും നമ്മുടെ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്ക പക്ഷപാതമൊക്കെ ആവിയാവുന്ന ലക്ഷണമാണെന്നുമൊക്കെ ഗൊദാർദ് തലയ്ക്കു പിടിച്ച, ഓസ്‍കർ വിരുദ്ധരായ അവർ മുറുമുറുക്കുന്നു. വിവരക്കേട് പറയരുത്, കേരളം പോലൊരു മൂന്നാംലോകത്തിന് ലഭിച്ച സൗഭാഗ്യമാണ് ഇതെന്ന് പുരോഗമനകാരികൾ അവരെ തിരുത്തുന്നുമുണ്ട്. എന്തായാലും ഇസ്രായേലിലെ ഡോക്കവിവ് ഫെസ്റ്റിവലുകാർ അഭിമാനിക്കും പോലെ (അവരുടെ ഉൾപ്പുളക ഇമെയിൽ  ഞങ്ങളിൽ പലർക്കും കിട്ടി) നമ്മുടെ മേള ഓസ്‍കർ ക്വാളിഫൈയിങ് ആയ ഇരുപത്തെട്ടിൽ ഒന്നായതിൽ (അതും ഇൻഡ്യയിൽ നിന്നുള്ള ഒരേയൊരു മേള)​ഞങ്ങളും പുളകം കൊള്ളുന്നു . 

ഓസ്‍കർ ഭാവിയെക്കുറിച്ചുള്ള രോമാഞ്ചവും ആശങ്കകളും വിയോജിപ്പുകളുമൊക്കെ പങ്കുവെക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരു കാര്യം ഓർത്തത്. ഈ പറയുന്ന ലോങ് ഡോക്യുമെന്ററിയിൽ കേരളത്തിൽ നിന്നുള്ള, മലയാളം പറയുന്ന ഒരു ചിത്രം പോലുമില്ലല്ലോ!​ അവിടെപ്പോലും എത്താതെ എന്ത് ഓസ്‍കർ! അപ്പൊ ഓസ്‍കർ ശരിക്കും ഇന്നാട്ടുകാരെ ഉദ്ദേശിച്ചല്ല അല്ലെ? ഹാവൂ.. വലതുപക്ഷ വ്യതിയാനത്തിൽ നിന്നും നമ്മൾ മലയാളികൾ രക്ഷപ്പെട്ടു!

സത്യത്തിൽ ഞങ്ങൾ പറയാൻ വന്നത് മറ്റൊന്നാണ്. ഓസ്‍കർ രോമാഞ്ചത്തിൽ അത് മുങ്ങിപ്പോയതാണ്. ​അമേരിക്കൻ അക്കാദമി തെരഞ്ഞെടുത്തിരിക്കുന്ന മറ്റ് 27 മേളകളും ഒന്ന് പരിശോധിച്ചു നോക്കൂ. ​എല്ലാത്തിലും തദ്ദേശീയ ചിത്രങ്ങൾക്ക് പ്രത്യേകം സംവരണം ഉണ്ട്. സ്വന്തം നാട്ടിലെ ചിത്രങ്ങളെ അവരെല്ലാം ആവോളം പരിപോഷിപ്പിക്കുന്നുമുണ്ട്. അതു പോലെ ഒരു സംവരണം 'അവികസിതരും നിലവാരം ഇല്ലാത്തവരുമായ' ഞങ്ങൾക്ക് കൂടി തരണം​. ഓസ്‍കറിനൊന്നും കൊണ്ടുപോകണ്ട. പക്ഷേ നമ്മുടെ നാട്ടിലെ മേളയിലെങ്കിലും  നേരെ ചൊവ്വേ ഒന്നു കാണിക്കാൻ കഴിയണം. അമ്പതും മുപ്പത്തിമൂന്നും ഒന്നും ഇല്ലെങ്കിലും ഒരു ഇരുപതു ശതമാനമെങ്കിലും തരണം. അത് എല്ലാ വിഭാഗത്തിലും വേണം. പ്രാദേശികവാദം തലയ്ക്കു പിടിച്ചതു കൊണ്ടാണ് ഞങ്ങൾ ഇതു പറയുന്നത് എന്നു കരുതിയാലും തെറ്റില്ല. ഞങ്ങളുടെ/ ഇന്നാട്ടുകാരുടെ നികുതിപ്പണം കൊണ്ടു കൂടിയാണല്ലോ ഈ മേളയൊക്കെ നടക്കുന്നത്. 

പിന്നെ ഇത്തവണ നിങ്ങൾ ചവിട്ടി പുറത്താക്കിയ 15 മിനിറ്റിൽ താഴെയുള്ള ഡോക്യുമെന്ററികളെ കൂടി അടുത്തതവണ ഒന്നു പരിഗണിക്കണം, ഒരു പ്രത്യേക വിഭാഗമായിട്ടെങ്കിലും. ലോങ് എടുക്കാൻ കെല്പില്ലാത്തവരെ പുറത്താക്കുകയല്ലല്ലോ വേണ്ടത്. മേൽപറഞ്ഞ ആവലാതികൾക്ക്‌ (അതോ അലവലാതികൾക്കോ!) അടുത്ത യോഗത്തിൽ ഒരു പരിഹാരം ഉണ്ടാക്കണം എന്ന അപേക്ഷയോടെ, മേളക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്,

ഓസ്‍കർ പ്രതീക്ഷകളോടെ, കെ ആർ മനോജ്, ബാബു കാമ്പ്രത്ത്, ഷൈനി ജേക്കബ് ബെഞ്ചമിൻ, അനീസ്  കെ  മാപ്പിള, അശ്വിൻ കൃഷ്ണകുമാർ, ഷിജിത് വി പി, പ്രതാപ് ജോസഫ്

click me!