ഗോവ ചലച്ചിത്രമേളയ്‌ക്ക് തുടക്കമായി

By Web DeskFirst Published Nov 20, 2016, 4:05 PM IST
Highlights

88 രാജ്യങ്ങളില്‍ നിന്നുള്ള 194 ചിത്രങ്ങള്‍ ആണ് ഈ മാസം 28 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം, ജയരാജിന്റെ വീരം, എംബി പദ്മകുമാറിന്റെ രൂപാന്തരം എന്നിവയാണ് പനോരമ വിഭാഗത്തിലെ മലയാളചിത്രങ്ങള്‍. മത്സരവിഭാഗത്തില്‍ മലയാളിയായ ഡോ.ജി പ്രഭ ഒരുക്കിയ സംസ്‌കൃത സിനിമ ഇഷ്ടി, മാനസ് മുകുള്‍ പാലിന്റെ ബംഗാളിചിത്രം കളേഴ്‌സ് ഓഫ് ഇന്നസെന്‍സ് എന്നിവയാണ് ഇന്ത്യന്‍ സാന്നിധ്യം.

സിനിമാസ്വാദകരുടെ കണ്ണും മനസ്സും ഇനിയുള്ള ഒരാഴ്ച ഗോവയില്‍. നാല്‍പത്തിയേഴാമത് മേളയ്ക്ക് തിരശ്ശീല ഉയരുമ്പോള്‍ ഇക്കുറിയും ചലച്ചിത്രപ്രേമികളെ ആകര്‍ഷിക്കുന്ന ഒത്തിരി സിനിമകള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ മാസം വിടപറഞ്ഞ വിഖ്യാത പോളിഷ് സംവിധായകന്‍ ആന്ദ്രേ വൈദയോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ അവസാനസിനിമ ആഫ്റ്റര്‍ ഇമേജ് ആണ് ഉദ്ഘാടനചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രദര്‍ശിപ്പിക്കുന്നത് 194 ചിത്രങ്ങള്‍. കാനില്‍ തിളങ്ങിയ 12 സിനിമകളാണ് മേളയുടെ ഹൈലൈറ്റ്. 2 ഇന്ത്യന്‍ സിനിമകളടക്കം 15 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍. സംസ്‌കൃത സിനിമ ഇഷ്ടി, മാനസ് മുകുള്‍ പാലിന്റെ കളേഴ്‌സ് ഓഫ് ഇന്നസെന്‍സ് എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍.

പനോരമ വിഭാഗത്തില്‍  ആകെ 22 ചിത്രങ്ങള്‍. അതില്‍ മൂന്നെണ്ണം മലയാളം. ജോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം, ജയരാജിന്റെ വീരം, എംബി പദ്മകുമാറിന്റെ രൂപാന്തരം.

കൊറിയന്‍ സിനിമകള്‍ക്ക് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകും. കിം ജി വൂണ്‍ സംവിധാനം ചെയ്ത ദ ഏയ്ജ് ഓഫ് ഷാഡോസ് ആണ് സമാപന ചിത്രം.

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഇവാന്‍ പാസെര്‍ അദ്ധ്യക്ഷനായ ജൂറി ആകും അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുക.
സമാപനചടങ്ങിലെ അതിഥി സംവിധായകന്‍ എസ്എസ് രാജമൗലിയാണ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ ഗോവ മേളയില്‍ ആദരിക്കും.

click me!