'ഗൂഢാലോചന'യ്ക്ക് ഗൗരവം അത്ര പോരാ

By സി. വി സിനിയFirst Published Nov 4, 2017, 11:22 AM IST
Highlights

സി.വി.സിനിയ

ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവിതത്തില്‍ രക്ഷപ്പെടാന്‍ ഐഡിയകള്‍ തേടി ഇറങ്ങുന്ന ചിത്രമാണ് ഗൂഢാലോചനയെന്ന് ഒറ്റവാക്യത്തില്‍ പറയാം. ചുരുക്കം പറഞ്ഞാല്‍ ചിരിയില്‍ തീര്‍ത്ത ഗൂഢാലോചന തന്നെ. പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ലെങ്കിലും തരക്കേടില്ലാത്ത ആസ്വാദന ചിത്രമാണിത്. കോഴിക്കോടിന്‍റെ നഗരമധ്യത്തിലാണ് സിനിമയുടെ പശ്ചാത്തലം.

 ജോലിയില്ലാതെ കറങ്ങി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അവര്‍ ചില ബിസിനസ്സ് പ്ലാന്‍ ചെയ്യുകയും പിന്നീട് ചില പണമിടപാടുകളില്‍ ചെന്നുതുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.  വരുണ്‍, ജയപ്രകാശ്,ജംഷീര്‍,അജാസ് എന്നീ ചെറുപ്പക്കാര്‍  വീട്ടുകാരുടെ ശകാരത്താല്‍ ബിസിനസ്സ് ചെയ്യാന്‍ തീരുമാനിക്കുകയാണ്. അതിനായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തട്ടിപ്പും വെട്ടിപ്പുമായാണ് ചിത്രം പുരോഗമിക്കുന്നത്. 

സിനിമയുടെ ആദ്യാവസാനം ചിരി തന്നെയാണ്. എന്നാല്‍ ചിത്രത്തിന് ഒരു ലോജിക്കുമില്ല. അങ്ങനെ കരുതി തിയേറ്ററുകളില്‍ എത്തുന്നവര്‍ കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ചിരിക്കിടയില്‍ അല്പം കാര്യമാണ്. ആദ്യ പകുതിയില്‍ ഹരീഷ് കണാരന്‍റെ കോമഡിയാണ് പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നത്. സുഹൃത്തുക്കളുടെയും വ്യക്തിബന്ധങ്ങളുടെയുമൊക്കെ കഥയാണ് സിനിമ പറയുന്നതെങ്കിലും പ്രേക്ഷകരിലേക്ക് ആഴത്തില്‍ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞോയെന്നതാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം സ്വാര്‍ത്ഥത അല്പം ഉള്ളിലുള്ള അവര്‍ ഓരോരുത്തര്‍ക്കും രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്. 

 ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ കഥയെ അല്പം കൂടി സീരിയസ്സാക്കാന്‍ തിരക്കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. വരുണിന്‍റെ അച്ഛന്‍ (അലന്‍സിയര്‍) ബീച്ചില്‍ ഒരു ഹോട്ടലുടമയാണ്.  ഈ ഹോട്ടലില്‍ എം എഫ് ഹുസൈന്‍ വരച്ച അല്‍സിയറിന്‍റെ ചിത്രത്തിലേക്കാണ് ഗൂഢാലോചന കേന്ദ്രീകരിക്കുന്നത്. 

തിരക്കഥയിലെ ചില പോരായ്മകള്‍ സിനിമയില്‍ പ്രകടമാകുന്നുണ്ട്. രണ്ടാം പകുതിയില്‍ ഹാസ്യത്തിന് ജീവന്‍ പകരുന്നത് അജുവര്‍ഗീസും വിഷ്ണുവുമാണ്. ചിത്രത്തിന്‍റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോള്‍ ചില അനാവശ്യ രംഗങ്ങള്‍ കടന്നുവരുന്നില്ലേയെന്ന് പ്രേക്ഷകന് തോന്നുന്നുണ്ട്. മാത്രമല്ല. അവസാന ഭാഗത്തില്‍ മംമ്തയും അജുവും ധ്യാനൊക്കെയുള്ള സംഭാഷണത്തില്‍ അടുത്ത ഡയലോഗ് എന്താണ് പറയാന്‍ പോകുന്നതെന്ന് പ്രേക്ഷകന്‍ ഊഹിച്ചാല്‍ മനസ്സിലാക്കുന്ന തരത്തിലുള്ളതാണ്.

 അജുവര്‍ഗീസും, ധ്യാന്‍ ശ്രീനിവാസനും, ശ്രീനാഥ് ഭാസി, വിഷ്ണു, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ അവരുടെ പ്രകടനം മികവുറ്റതാക്കിയിട്ടുണ്ട്. ചിത്രത്തിലെ  നായിക കഥാപാത്രം ചെയ്ത നിരഞ്ജനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ പേരുപോലെ അത്ര ഗൗരവമുള്ള സിനിമയല്ല. സിനിമയില്‍ പുതുമകളൊന്നും ഇല്ലയെന്നതാണ് എടുത്ത് പറയേണ്ടത്. ഇടയ്ക്കിടെ പഴയ സിനിമകളോട്‌ സാമ്യമുണ്ടോയെന്നും പ്രേക്ഷകന് തോന്നുന്നുണ്ട്. 

ചിത്രത്തില്‍ ഇടയ്ക്കിടെ ഗോപീസുന്ദറിന്‍റെ പാട്ടുകള്‍ കടന്നുവരുന്നുണ്ട്. ധ്യാന്‍ ശ്രനിവാസന്‍റെ കന്നി സിനിമയാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മാത്രേമ കഴിഞ്ഞിട്ടുള്ളു. സംതൃപ്തി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അല്പം കോമഡിയും ചിരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മടിച്ചു നില്‍ക്കാതെ ടിക്കറ്റ് എടുക്കാം.
 

click me!