
ലോകസിനിമയിലെ എക്കാലത്തെയും വലിയ പ്രതിഭകളില്‍ ഒരാളായ ഴാങ് ലുക് ഗൊദാര്‍ദ് അപ്രതീക്ഷിതമായി കാന്‍ ചലച്ചിത്രമേളയില്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ചു. മികച്ച ചലച്ചിത്രകാരന്‍മാര്‍ അരാജകവാദികള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്നു എന്നാണ് ഗൊദാര്‍ദ് ഫെയ്‌സ് ടൈമിലൂടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഗൊദാര്‍ദിന്റെ ഏറ്റവും പുതിയ ചിത്രം ദി ഇമേജ് ബുക്കിന്റെ ആദ്യ പ്രദര്‍ശനത്തിന് കാനിലെ ഗ്രാന്‍ഡ് തിയേറ്റര്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചിരുന്നു.
അമ്പത് വര്‍ഷം മുമ്പ് റിബല്‍. ഇന്ന് ഹീറോ. 1968-ല്‍ കാന്‍ ചലച്ചിത്ര മേള നിറുത്തിവയ്ക്കാനിടയാക്കിയ പ്രതിഷേധങ്ങള്‍ക്ക് ജീന്‍ ലുക് ഗൊദാര്‍ദ് എല്ലാ പിന്തുണയും നല്‍കിയിരുന്നു. 68-ലെ മെയ് വിപ്ലവത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രക്ഷോഭകാരികള്‍ക്കും ഒപ്പം ഗൊദാര്‍ദുമുണ്ടായിരുന്നു.
പ്രധാനതീയേറ്ററില്‍ കര്‍ട്ടന്‍ ഉയരുമ്പോള്‍ അതില്‍ തൂങ്ങിക്കിടന്ന് പോലും മേള തടസ്സപ്പെടുത്തിയവര്‍ക്കൊപ്പമായിരുന്നു ഗോദാര്‍ദ്. ആ പ്രതിഷേധത്തിന് അമ്പത് വയസ്സാകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ എന്നും മടികാട്ടിയിരുന്ന ഗൊദാര്‍ദ് കാനിലെ നാലായിരത്തോളം വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിത വിരുന്ന് നല്കി.
87 പിന്നിട്ട ഗോദാര്‍ദ് കാനിലെത്താതെ വീണ്ടും സംഘാടകര്‍ക്ക് തിരിച്ചടി നല്കി. എന്നാല്‍ ഛായാഗ്രാഹകന്‍ ഫാബ്രിസ് അരാനോയുടെ മൊബൈല്‍ ഫോണില്‍ ഫെയ്‌സ്‌ടൈമില്‍ പ്രത്യക്ഷപ്പെട്ട ഗോദാര്‍ദ് 45 മിനിറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മെഷീന്‍ ഗണ്ണിലെ വെടിയുണ്ടകള്‍ നേരിടുന്നതു പോലെയാണിതെന്ന തമാശയോടെയായിരുന്നു ഗൊദാര്‍ദിന്റെ തുടക്കം. ഇന്ത്യയില്‍ നിന്നെത്തിയ പത്തില്‍ താഴെ മാധ്യമപ്രവര്‍ത്തകരും ഈ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്തതിന്റെ ആവേശത്തിലാണ്.
ആധുനിക ലോകത്തെക്കുറിച്ച് ഗോദാര്‍ദിന്റെ ഒരു നീണ്ട പ്രസ്താവന എന്നാണ് ചില നിരൂപകര്‍ പുതിയ ചിത്രമായ ദി ഇമേജ് ബുക്കിനെ വിശേഷിപ്പിക്കുന്നത്. കാനില്‍ പാംദി ഓര്‍ പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിലാണ് ഗൊദാര്‍ദിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത്. കാലും കൈയ്യും കണ്ണും ഇനി എങ്ങനെ അനങ്ങും എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ തുടര്‍ന്നുള്ള സിനിമാ ജീവിതമെന്നായിരുന്നു ഗൊദാര്‍ദിന്റെ കല്പന. അരാജകവാദിക്കും പ്രതിഭാശാലിക്കും ഇടയിലെ ദൂരം ഹ്രസ്വമെന്ന അവകാശവാദവും. സിഗാ വെര്‍തോവിനെ സ്വംശീകരിച്ച ഗൊദാര്‍ദ് റഷ്യയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയില്ല.
സിനിമ സത്യമാണ്. ഇരുപത്തിനാല് ഫ്രെയിമുള്ള സത്യം. ആ സത്യം തേടിയുള്ള ഴാങ് ലുക് ഗൊദാര്‍ദിന്റെ യാത്രകള്‍ തുടരുന്നു. വിപ്ലവകരമായി സിനിമകള്‍ നിര്‍മ്മിക്കാന്‍ ഗൊദാര്‍ദിന്റെ കാലും കൈയ്യും കണ്ണും മനസ്സും ഇനിയും ചലിക്കും എന്ന് വിളിച്ചു പറയുന്നതായി കാനിലെ ഈ അപൂര്‍വ്വ വാര്‍ത്താസമ്മേളനം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ