
തിരുവനന്തപുരം: ഡോക്യുമെന്ററി ചിത്രമായ 'ആവാസം-Habitus', പതിനെട്ടാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്ലിലേക്ക് തെരരഞ്ഞെടുക്കപ്പെട്ടു. കോട്ടയം കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഫിലിം സ്‌കൂളിലെ 2022 ബാച്ചാണ് ചിത്രത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമുക്ക് ചുറ്റുമുള്ള സാംസ്‌കാരിക-വിശ്വാസ ഇടങ്ങളിലും സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും നിശ്ശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങളിലേക്കുള്ള ഒരു നോട്ടമാണ് 'ആവാസം'.
പാരമ്പര്യമായി കൈമാറിക്കിട്ടിയ അനുഷ്ഠാനങ്ങളും, വെച്ചാരാധനകളും, അബ്രാഹ്മണികമായ ആചാരക്രമങ്ങളും കാലക്രമേണ പുതിയ അര്‍ത്ഥതലങ്ങളിലേക്ക് മാറിപ്പോകുന്നതെങ്ങനെയെന്ന് ചിത്രം അന്വേഷിക്കാന്‍ ശ്രമിക്കുന്നു . ഒരുകാലത്ത് ജൈവികവും വൈവിധ്യപൂര്‍ണ്ണവുമായി നിലനിന്നിരുന്ന പ്രാദേശിക ആരാധനാരീതികളും സങ്കല്‍പ്പങ്ങളും ഇന്ന് പ്രബലമായ രാഷ്ട്രീയ-സാംസ്‌കാരിക ശക്തികളുടെ സ്വാധീനത്തില്‍ എങ്ങനെ കൂടുതല്‍ സനാതനവല്‍ക്കരിക്കപ്പെടുകയും ഏകീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ് സിനിമ.
വളരെ സ്വാഭാവികവും നിശ്ശബ്ദവുമായാണ് ഈ പരിവര്‍ത്തനങ്ങള്‍ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഏതൊക്കെ പ്രാദേശിക ആചാരപദ്ധതികളാണ് ഇത്തരം മാറ്റങ്ങള്‍ക്കൊടുവില്‍ അപ്രത്യക്ഷമാകുന്നത്? സാംസ്‌കാരിക ഇടങ്ങള്‍ക്ക് എന്തുതരം മാറ്റങ്ങളാണ് സംഭവിക്കുന്നത്? ഏതുതരം വിശ്വാസധാരകള്‍ക്കാണ് ക്രമേണ മേല്‍ക്കൈ ലഭിക്കുന്നത്? ഈ പരിണാമങ്ങള്‍ സാധാരണ മനുഷ്യരുടെ സ്വത്വത്തെയും ജീവിതരീതികളെയും എങ്ങനെയാണ് സ്വാധീനിക്കുന്നത്? ഇത്തരം ചോദ്യങ്ങളിലേക്കും, ആലോചനകളിലേക്കും പ്രേക്ഷകരെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണീ ഹ്രസ്വചിത്രം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ