ലാലേട്ടന് പിറന്നാള്‍ മധുരം

By HONEY R KFirst Published May 20, 2016, 3:15 PM IST
Highlights

മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. ചമ്മിയ ചിരിയും ഒരുവശം ചരിച്ച തോളുമായി ലാല്‍ മലയാളിയുടെ മനസ്സില്‍ ചേക്കേറിയിട്ടു വര്‍ഷങ്ങള്‍ ഏറെയായി. പലരും  ചെയ്യാന്‍ കൊതിക്കുന്ന കുസൃതികള്‍ ലാല്‍ വെള്ളിത്തിരയില്‍ ചെയ്യുമ്പോള്‍ അവ സ്വകീയാനുഭവമായി സ്വീകരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന ഒരു നിത്യവസന്തമായി ഇപ്പോഴും ലാല്‍ നിറഞ്ഞുനില്‍ക്കുകയാണ് നമ്മില്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. ലാലേട്ടന് ഇന്ന് പിറന്നാള്‍. 

മുഡവന്‍മുകുള്‍ സ്കൂള്‍, മോഡല്‍ സ്കൂള്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളേജില്‍  നിന്നു ബികോം ബിരുദം നേടി. സ്കൂള്‍ പഠനകാലത്ത്‌ മികച്ച നാടകനടനുള്ള പുരസ്ക്കാരങ്ങള്‍ നേടിയ ലാല്‍ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്. സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത്‌ സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും മലയാളിയുടെ ഭാഗ്യമായി ലാല്‍ ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ വില്ലന്‍കഥാപാത്രമായി ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

പിന്നീട് എത്രയെത്ര ലാല്‍ കഥാപത്രങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും  കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, ദാര്യത്തില്‍ പങ്കുചേര്‍ന്നും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും ലാല്‍ കഥാപാത്രങ്ങള്‍ മലയാളിക്ക് കൂട്ടിനെത്തി. തോരുന്ന സിനിമകൊട്ടകള്‍ക്കുള്ളിലും ഏസിയുടെ ശീതളിമയിലും വെള്ളിത്തിരയിലെ ലാല്‍ കഥാപാത്രങ്ങള്‍ സ്വന്തമെന്നത് പോലെ അനുഭവപ്പെട്ടു. നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ ലാല്‍ വിസ്മയിപ്പിക്കുകയാണ് എപ്പോഴും.

 

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ലഫ്‌റ്റനന്റ്‌ കേണലുമായി. രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഒമ്പത് തവണ സംസ്ഥാന അവാര്‍ഡും ലാല്‍ കരസ്ഥമാക്കി. ഇവയ്ക്കൊപ്പം എണ്ണത്തില്‍ ഏറെയുള്ള മറ്റു പുരസ്കാരങ്ങളും എത്തിയപ്പോഴും ലാല്‍ അഭിനയത്തിനോടുള്ള അഭിനിവേശം കൈവെടിയുന്നില്ല. ഇനിയും നല്ല സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളുമായി വരാന്‍ വെമ്പുന്ന മോഹന്‍ലാലിന് ഏഷ്യാനെറ്റ് ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.

click me!