
ഹോളിവുഡിനെ പിടിച്ചുലച്ച ലൈംഗിക ചൂഷണ പരാതികളെ തുടർന്ന് പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പൊലീസ് അറസ്റ്റ് ചെയ്തു. വെയ്ൻസ്റ്റീൻ പീഡിപ്പിച്ചെന്ന രണ്ട് നടികളുടെ പരാതിയിലാണ് അറസ്റ്റ്. പീഢനം, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, പ്രകൃതി വിരുദ്ധ പീഢനം തുടങ്ങിയ കുറ്റങ്ങളാണ് ഹാർവി വെയ്ൻസ്റ്റീനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് നടിമാർ നൽകിയ മൊഴികളും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.
2004 ലും 2013ലുമാണ് കേസുകൾക്ക് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. വെയ്ൻസ്റ്റീനെതിരെ 4 നടിമാർ കൂടി ഉടൻ മൊഴി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ലണ്ടനിലും ലോസ് ആഞ്ചലസിലുമായി ഒരു ഡസണിലേറെ പീഢന പരാതികളിൽ ഹാർവി വെയ്ൻസ്റ്റീനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിൽ സന്തോഷമുണ്ടെന്ന് വെയ്ൻസ്റ്റീനെതിരെ പരാതികൾ ഉന്നയിച്ച ചില നടിമാർ പ്രതികരിച്ചു. എന്നാൽ ആരോപണങ്ങൾ കള്ളമാണെന്ന് കോടതിയിൽ തെളിയിക്കുമെന്ന് ഹാർവി വെയ്ൻസ്റ്റീന്‍റെ അഭിഭാഷകർ പറഞ്ഞു.
വെയ്ൻസ്റ്റീനെതിരെ പരാതികളുയർന്നതിന് പിന്നാലെ ലൈംഗിക അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ നടിമാരും വിവിധ മേഖലകളിലെ സ്ത്രീകളും മീ ടൂ എന്ന പേരിലുള്ള ക്യാമ്പെയ്നിലൂടെ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പുരുഷ കേന്ദ്രീകൃത സംവിധാനങ്ങൾക്കെതിരെയുള്ള പോരാട്ടമായിപ്പോലും ആ ക്യാമ്പെയ്ന്‍ മാറി. ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ മോർഗൻ ഫ്രീമാനെതിരെ 8 വനിതകൾ ലൈംഗികചൂഷണ ആരോപണവുമായി രംഗത്തെത്തിയതും വലിയ ചർച്ചയായി. ആരോപണങ്ങൾ മോര്‍ഗൻ ഫ്രീമാൻ നിഷേധിച്ചിട്ടുണ്ട്. പെരുമാറ്റം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും മോർഗൻ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ